വ്യാജ സന്ദേശം ചതിച്ചു: ഗോകുലം എഫ് സിയില്‍ ചേരാന്‍ എത്തിയത് നൂറോളം കുട്ടികള്‍

99

ഗോകുലം കേരള എഫ് സിയുടെ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നതായുള്ള വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നൂറോളം കുട്ടികളെത്തി. ഇതേതുടര്‍ന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ക്ലബ് ഒരുങ്ങുന്നു.

സന്ദേശം പ്രചരിച്ച് തുടങ്ങിയപ്പോള്‍ തന്നെ കോഴിക്കോട് സൈബല്‍ സെല്ലില്‍ ക്ലബ് അധികൃതര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല.

സന്ദേശം വ്യാജമാണെന്ന് പറഞ്ഞ് ക്ലബ് പ്രസ്താവന ഇറക്കുകയും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വായിച്ച് രക്ഷിതാക്കള്‍ കുട്ടികളേയും കൊണ്ട് ട്രയല്‍സിന് എത്തിയത്.

വ്യാജ വാര്‍ത്തയുടെ പിന്നിലുള്ളവര്‍ കഴിഞ്ഞ വര്‍ഷം ക്ലബ് നടത്തിയ ട്രയല്‍സിനുവേണ്ടി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഫോണ്‍ നമ്പരും ട്രയല്‍സ് തിയതിയും മാറ്റിയാണ് വ്യാജ വാര്‍ത്ത സൃഷ്ടിച്ചതെന്ന് ക്ലബ് പി ആര്‍ ഒ കെവിന്‍ പറഞ്ഞു. തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും പുതിയ പരാതി പൊലീസിന് നല്‍കുമെന്നും കെവിന്‍ കൂട്ടിച്ചേര്‍ത്തു.

Comments are closed.