‘അളിയാ മച്ചമ്പി, പൈസയൊക്കെ,വരും പോകും,നീ ഷൂട്ടിംഗ് പ്ളാൻ ചെയ്യ്”

0 11

എം എ നിഷാദ്‌

മേരാ നാം ”ബൈജു”മലയാള സിനിമയിലെ ഒരേ ഒരു ബൈജു…പക്ഷെ ഞങ്ങൾക്ക് കൂടുതലും അറിയാവുന്നത് സന്തോഷ് എന്ന പേരാണ്…ബൈജു സന്തോഷ് അങ്ങനെയാണ് കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്..എന്റ്റെ പ്രിയ സുഹൃത്ത്..സൗഹൃദത്തിന്റ്റെ,കരുതലും,സ്നേഹവും നമ്മളറിയുന്നത് ബൈജുവിനെ പോലെ ഒരു സൂഹൃത്ത് നമ്മുക്കുണ്ടാകുമ്പോളാണ്..

തിരുവനന്തപുരം ശൈലിയിൽ പറഞ്ഞാൽ,കട്ടക്ക് കൂടെ നിൽക്കുന്ന മച്ചമ്പി…ഞങ്ങൾ തമ്മിലുളള സൗഹൃദത്തിന്,വർഷങ്ങളുടെ പഴക്കമുണ്ട്..പ്രീഡിഗ്രിക്ക് ഞാൻ മാർ ഇവാനിയോസിൽ പഠിക്കുമ്പോൾ,ബൈജു തൊട്ടുത്ത എം ജി കോളേജിൽ ഡിഗ്രിക്ക് വിലസുന്ന കാലം..അവനന്നേ സ്റ്റാറാണ്..ഒന്നുകിൽ കാർ അല്ലെങ്കിൽ ബൈക്ക് രണ്ടായാലും,ഒരു വലിയ സംഘം എപ്പോഴും അവനോടൊപ്പമുണ്ടാകും..

.അളിയനും,മച്ചമ്പിയും ചേർത്ത് വിളിക്കുന്ന ബൈജുവിന്റ്റെ സ്റ്റൈൽ ഇന്നും,ഒരു മാറ്റവുമില്ലാതെ തുടരുന്നു…ലോകം മാറും,പക്ഷെ ബൈജു മാറില്ല..അന്നും ഇന്നും അങ്ങനെ തന്നെ…കോളജ് കാലത്താണ് പരിചയപ്പെട്ടെങ്കിലും,ഞാൻ ബാല താരമായി അഭിനയിച്ച ചിത്രത്തിൽ,എന്റ്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത് ബൈജുവാണ്…

പിന്നീട് മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരുടെ ചിത്രങ്ങളിൽ,മികച്ച കഥാപാത്രങ്ങളെ ബൈജു അവതരിപ്പിച്ചെങ്കിലും,ഈ രണ്ടാം വരവിലാണ് ബൈജു എന്ന സന്തോഷ് കൂടുതൽ ശ്രദ്ധേയനാകുന്നത്..ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ,സൗഹൃദത്തിന് ഒരുപാട് വില കൊടുക്കുന്ന വ്യക്തിയാണ് ബൈജു…രാജൻ കിരിയത്ത്-വിനുകിരിയത്ത് സിനിമകളിൽ,ഹാസ്യ കഥാപാത്രങ്ങൾക്ക്,ബൈജുവിന്റ്റേതായ,ഒരു സംഭാവനയുണ്ടാകാറുണ്ടെന്ന്,വിനുകിരിയത്ത് പറഞ്ഞതോർക്കുന്നു…

അതെ ….ജഗതി ശ്രീകുമാറിനെ പോലെ അപാര ടൈമിങ്ങുളള നടൻ തന്നെയാണ് ബൈജു..പ്രത്യേകിച്ച് കോമഡിക്ക് പ്രാധാന്യമുളള സിനിമകളിൽ…ഞാൻ നിർമ്മാണ പങ്കാളിയായിരുന്ന ഡ്രീംസ് എന്ന ചിത്രത്തിന്റ്റെ,കനത്ത പരാജയത്തിന് ശേഷം,സിനിമാ ഇൻഡസ്ട്രിയിൽ,എന്റ്റെ നിലനില്പ് പരുങ്ങലിലായ സമയം…അന്ന് ഒരു പടം ഉടൻ ചെയ്യേണ്ട സാഹചര്യത്തിൽ,തില്ലാന തില്ലാന എന്ന ലോ ബഡ്ജറ്റ് സിനിമ ചെയ്യാൻ തീരുമാനിച്ചു..

മേരാ നാം ''ബൈജു''മലയാള സിനിമയിലെ ഒരേ ഒരു ബൈജു…പക്ഷെ ഞങ്ങൾക്ക് കൂടുതലും അറിയാവുന്നത് സന്തോഷ് എന്ന പേരാണ്…ബൈജു…

Gepostet von MA Nishad am Montag, 20. Juli 2020

ടി എസ് സജിയായിരുന്നു സംവിധായകൻ,ക്യാമറ വിപിൻ മോഹൻ,തിരകഥാകൃത്ത് വിനു കിരിയത്തും…അന്ന് സിനിമക്ക് ഒരു സൗഹൃദ കൂട്ടായ്മയുണ്ടായിരുന്നു (ഇന്നത് നഷ്ടമായിരിക്കുന്നു)ഞാനെന്ന നിർമ്മാതാവിനെ സഹായിക്കാൻ,സജിയും,വിനുവും,വിപിൻ ചേട്ടനും,വിതരണം ചെയ്ത ദിനേശ് പണിക്കറും ഒരുമിച്ചു നിന്നു…ആ സിനിമക്ക് വേണ്ടി ഞങ്ങൾ ആദ്യം വിളിച്ചത് ബൈജുവിനെയാണ്…

എന്റ്റെ സാഹചര്യം അവനോട് പറയുന്നതിന് മുമ്പ് തന്നെ,അവനെന്നോട് പറഞ്ഞത് ഇന്നുമോർക്കുന്നു ”അളിയാ മച്ചമ്പി,നീ ഒന്നും പറയണ്ട് നമ്മൾ ഇത് ചെയ്യുന്നു,പൈസയൊക്കെ,വരും പോകും,നീ ഷൂട്ടിംഗ് പ്ളാൻ ചെയ്യ്” ആ വാക്കുകൾ എനിക്ക് തന്ന ആത്മ വിശ്വാസം വളരെ വലുതായിരുന്നു…ആ സിനിമയിൽ,ഒരു പ്രധാന വേഷം ചെയ്യതത് അമ്പിളി ചേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന ജഗതി ശ്രീകുമാറായിന്നു…

അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ ഞങ്ങളെ കണ്ടപാടെ അമ്പിളി ചേട്ടൻ പറഞ്ഞു,”പടം തുടങ്ങാൻ പോവുകയല്ലേ,എത്ര ദിവസം വേണം,ബൈജു എന്നോട് പറഞ്ഞു..പിന്നെ കാശ് ഒന്നും നോക്കണ്ട ഞാൻ വരുന്നു അഭിനയിക്കുന്നു…അനിയൻ ധൈര്യമായിരിക്ക്” ….ബൈജു എന്ന സുഹൃത്തിന്റ്റെ കരുതൽ ഞാൻ അറിഞ്ഞ നിമിഷം…ആ സിനിമയിൽ അഭിനയിച്ച് മറ്റ് നടന്മാരെ,എനിക്ക് മറക്കാൻ കഴിയില്ല…സൂപ്പർ സ്റ്റാർ സുരേഷ് ഗോപി,അതിഥിയായി എത്തിയ കുഞ്ചാക്കോ ബോബൻ,മുകേഷേട്ടൻ,ജഗദീഷ്..ഇവരെല്ലാവരും,ഒരു രൂപ പോലും വാങ്ങാതെയാണഭിനയിച്ചത്…

അതിനൊക്കെ തുടക്കമിട്ടത് ബൈജുവെന്ന എന്റ്റെ സുഹൃത്താണ്…തില്ലാന തില്ലാന എന്നെ അദ്ഭുതപ്പെടുത്തികൊണ്ട് കളക്ഷൻ നേടിയ ചിത്രമാണ്…അന്നെന്നെ സഹായിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു…പിന്നീട് ഞാൻ സംവിധായകനായപ്പോൾ എന്റ്റെ ഒരു സിനിമയിൽ മാത്രമേ ബൈജു അഭിനയിച്ചുള്ളൂ…എങ്കിലും ഞങ്ങളുടെ സൗഹൃദം ഊഷ്മളതയോടെ ഇന്നും തുടരുന്നു…

കുറച്ച് നാള് കൂടി ഇന്ന് ഞാൻ ബൈജുവിനെ വിളിച്ചിരുന്നു..സതീഷ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ,ഒരു പ്രധാന കഥാപാത്രം ഞാൻ ചെയ്യുന്നുണ്ട്…ആ സിനിമയിൽ ഒരു പോലീസ് കമ്മീഷണറുടെ വേഷത്തിൽ ബൈജു വന്നാൽ നന്നായിരിക്കുമെന്ന് സതീഷ് പറഞ്ഞപ്പോൾ ഞാൻ അവനെ വിളിച്ചു..മറുതലക്കൽ ഫോണെടുത്തപ്പോൾ,പഴേയ എം ജ ി കോളേജ് കാരന്റ്റെ ഒരിക്കലും മാറാത്ത ശൈലിയിൽ

”അളിയാ മച്ചമ്പി നീ എവിടെ..ഒരു വിവരവുമില്ലല്ലോ ” ഞാൻ കാര്യം പറഞ്ഞപ്പോൾ വീണ്ടും അതേ സ്റ്റൈലിൽ ”എപ്പം വന്നെന്ന് ചോദിച്ചാൽ പോരെ..ഷൂട്ടിംഗ് പ്ളാൻ ചെയ്യ്…”അതാണ് ബൈജു…തിരുവനന്തപുരത്ത് മാറാത്തത് ബൈജുവും,പിന്നെ തിരുവനന്തപുരവും തന്നെ…

psc questions, psc app, psc learning app, psc online learning

Leave A Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.