News in its shortest

കൃഷി ലാഭകരമാക്കണോ? വരൂ ഫാം ബിസിനസ് സ്‌കൂളിലേക്ക്

കാർഷിക മേഖലയിലെ സംരംഭകർക്ക് ദിശാബോധവും സാങ്കേതിക വിദ്യകളെകുറിച്ച് പ്രാഥമിക ജ്ഞാനവും ബിസിനസ് സങ്കേതങ്ങളെകുറിച്ച് അവബോധവും നൽകാൻ കേരള കാർഷിക സർവകലാശാലയുടെ ഫാം ബിസിനസ് സ്‌കൂൾ. കൃഷി ലാഭകരമായ ഒരു സംരംഭമായി നടത്താനും, വിപണിയുടെയും ഉപഭോക്താവിന്റെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഉൽപ്പാദനവും സംസ്‌കരണവും നടത്താനും ബിസിനസ്സിന്റെയും സംരംഭകത്വത്തിന്റെയും പ്രാഥമിക പാഠങ്ങൾ പഠിക്കാനും വേദിയാവുകയാണ് കേരള കാർഷിക സർവകലാശാലയുടെ ഫാം ബിസിനസ് സ്‌കൂൾ.

സംരഭകത്വത്തിന്റെ ആസൂത്രണം, നിർവ്വഹണം, വിപണന തന്ത്രങ്ങൾ, സാങ്കേതിക വിദ്യ എന്നിവ ലക്ഷ്യമിട്ട് കൃഷി അനുബന്ധ മേഖലകളിലെ തൊഴിൽ സംരംഭകർക്കുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ഫാം സ്‌കൂളിൽ ഒരുക്കുന്നത്.

സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കമ്മ്യൂണിക്കേഷൻ സെന്റർ, എ ഐ ടി സി, കോ ഓപ്പറേഷൻ, ബാങ്കിംഗ് ആൻഡ് മാനേജ്മെന്റ് കോളേജ്, ഹോർട്ടി കൾച്ചർ കോളേജ് എന്നിവ സംയുക്തമായാണ് ഒരാഴ്ച കാലം നീളുന്ന പരിശീലനം നൽകുക. ഉൽപ്പാദനം മുതൽ വിപണനം വരെ പാലിക്കേണ്ട ഗുണനിലവാരം, വിപണന തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള സാമാന്യ ജ്ഞാനം ബിസിനസ് സ്‌കൂൾ നൽകും. ചെറുകിട യൂണിറ്റുകൾ ഉൽപ്പാദന ക്ഷമവും, ലാഭകരവുമാക്കാൻ പുതിയ സങ്കേതങ്ങൾ സ്‌കൂൾ പരിചയപ്പെടുത്തും.

വൈവിധ്യമുള്ള ഉൽപ്പന്നങ്ങൾ തയ്യാറാക്കി വർഷം മുഴുവൻ സുസ്ഥിരമായ വരുമാനം നിലനിർത്താൻ വേണ്ട മൂല്യ വർധനവിന്റെ സാധ്യതകൾ സ്‌കൂൾ ചർച്ച ചെയ്യും. ഇതിന് പുറമെ ഒഴുക്കിനെതിരെ നീന്തി വിജയം വരിച്ച സംരംഭകരുടെ അനുഭവങ്ങളും ഇവിടെ പഠിക്കാം. സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ചും, നിയമപരമായി ലഭിക്കേണ്ട ലൈസൻസുകൾ നേടാനും, തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ഫാം ബിസിനസ് സ്‌കൂൾ സഹായിക്കും.
കേരള കാർഷിക സർവകലാശാലയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും വികസിപ്പിച്ച സംരംഭകത്വ സാധ്യതകളുള്ള സാങ്കേതിക വിദ്യകൾ ഫാം ബിസിനസ് സ്‌കൂളിലൂടെ പരിചയപ്പെടാനും കഴിയും.

പുതിയ ആശയങ്ങൾ വികസിപ്പിക്കാനും, പ്രോജക്ടുകൾ തയ്യാറാക്കാനും, മനുഷ്യ വിഭവങ്ങളും ധന ശ്രോതസ്സുകളും പ്രയോജനപ്പെടുത്താനും, കണക്കുകൾ പരിപാലിക്കാനും, വാണിജ്യ തന്ത്രങ്ങൾ പരിചയപ്പെടാനും ഈ സ്‌കൂളിൽ പഠിക്കാം. ഇവിടെ പഠിക്കാൻ സർവകലാശാലയുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് നേരിട്ടോ ഇ മെയിൽ വഴിയോ അപേക്ഷിക്കാം.

അപേക്ഷകന് വേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർ സെക്കന്ററിയാണ്. 7 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സിന് 5000 രൂപയാണ് ഫീസ്. ഇത് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യതയുള്ള 20 പേരടങ്ങുന്ന ബാച്ചുകളായാണ് പരിശീലനം നൽകുക. വിവിധ മേഖലകളിലെ സംരംഭകത്വ പരിശീലനത്തിന് വിദഗ്ധരുടെ സേവനം ലഭ്യമാകും. ആവശ്യകർക്ക് ഭക്ഷണവും താമസ സൗകര്യവും ഇവിടെ ലഭ്യമാണ്.

Comments are closed.