മുന്‍ സിപിഎമ്മുകാര്‍ ഇടതിനെതിരായ മഹായജ്ഞത്തിന് പൗരോഹിത്യം വഹിക്കുന്നു: അശോകന്‍ ചരുവില്‍

4,565

അശോകന്‍ ചരുവില്‍

എൻ്റെ പ്രിയപ്പെട്ട മുൻ സി.പി.എം. സുഹൃത്തുക്കൾ .ഈയിടെ ഒരു ചാനൽ ചർച്ചയിൽ സി.പി.ഐ.എം നേതാവ് എം.ബി.രാജേഷിൻ്റെ “മുൻ ആം ആദ്മി പാർടി നേതാവ്” എന്ന പരാമർശനത്തിനെതിരെ സി.ആർ.നീലകണ്oൻ ഇടയുന്നത് ശ്രദ്ധയിൽപ്പെട്ടു.

കലഹത്തിന്നിടയിൽ താൻ മുൻ സി.പി.എം.നേതാവാണെന്ന് നീലകണ്oൻ വിളിച്ചു പറഞ്ഞു. താങ്കൾ സി.പി.ഐ.എം നേതാവായിരുന്ന വിവരം എനിക്കറിയില്ല എന്ന് രാജേഷ് പറഞ്ഞപ്പോൾ “ഞാൻ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആയിരുന്നു” എന്ന് നീലകണ്ഠൻ വ്യക്തമാക്കി.

ശരിയാണ്, സി.ആർ.നീലകണ്ഠൻ എസ്.എഫ്.ഐ.യുടെ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. നാലു പതിറ്റാണ്ടിനു മുമ്പായിരിക്കണം അത്. പിന്നീട് കരുവന്നൂർപുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. കഴിഞ്ഞവർഷം ലോകസഭാ തെരഞ്ഞെടുപ്പു നടക്കുന്നതുവരെ ആം ആദ്മിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ നീലകണ്ഠൻ തൊപ്പിയിട്ടു നിൽക്കുന്നത് നമ്മളൊക്കെ കണ്ടതാണ്. പക്ഷേ നീലകണ്ഠന് മുൻ സി.പി.എം നേതാവ് ആകാനാണ് താൽപ്പര്യം.

സി.ആർ.നീലകണ്ഠൻ മാത്രമല്ല, എൻ്റെ നിരവധി സുഹൃത്തുക്കൾ ഒരു “മുൻ സി.പി.എമ്മി”ൻ്റെ കമ്പോളവില അറിഞ്ഞ് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. വലിയൊരു ദൗത്യം അവർ ഏറ്റെടുത്തിരിക്കുന്നു. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ വലതുപക്ഷത്തെ ഏകോപിപ്പിക്കുന്ന മഹായജ്ഞത്തിൽ പൗരോഹിത്യം വഹിക്കുക എന്നതാണത്.

കോൺഗ്രസ്സും, ആർ.എസ്.എസും, മുസ്ലിംലീഗും ജമായത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചണിനിരക്കുന്നതിന് സൈദ്ധാന്തിക ന്യായങ്ങൾ ചമക്കുക എന്നതാണ് അവരുടെ ചുമതല. കീഴാറ്റൂരിലും മറ്റും ഈ വക വിഭാഗങ്ങളെ ഒന്നിച്ച് അണിനിരത്തിയതിൻ്റെ അനുഭവം ആവർക്കുണ്ടല്ലോ.

ഇടതുപക്ഷം തുടർച്ചയായി അധികാരത്തിൽ വരിക എന്നതിനേക്കാൾ “വലിയ അപകടം” വേറൊന്നുമില്ലെന്ന് അവർ വ്യാഖ്യാനിക്കുന്നു. കോവിഡും, നിപയും, പ്രളയവും, കുണ്ടന്നൂർ പാലവും, ദളിത്-ന്യൂനപക്ഷ വേട്ടയും പൊതു സമ്പത്ത് വിറ്റഴിക്കലും കൈവെട്ടലും ഡിപ്ലോമേറ്റ് സ്വർണ്ണക്കടത്തും അത്ര വലിയ പ്രശ്നമല്ല എന്നും അവർ സിദ്ധാന്തിക്കുന്നു.

Comments are closed.