News in its shortest

ഇസാഫ് തൃശൂരില്‍ ലോക കാര്‍ വിമുക്ത ദിനം ആചരിക്കുന്നു

228

തൃശൂര്‍: ഇസാഫിന്റെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, ജവഹര്‍ ബാലഭവന്‍,ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നീ സംഘടനകളുമായി സഹകരിച്ചു തൃശൂര്‍ രാമനിലയം റോഡില്‍ 2019 നവംബര്‍ 24ഞായറാഴ്ച ലോക കാര്‍ വിമുക്ത ദിനം ആചരിക്കുന്നു.

മോട്ടോര്‍ വാഹന ഉപയോഗം കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം മോട്ടോര്‍ വിമുക്ത ഗതാഗതത്തിന്റെ ഗുണഭോക്താക്കളാകുന്നതിനും പ്രകൃതി സംരക്ഷണത്തിനുമുള്ള ആഹ്വാനവുമാണ് കാര്‍ വിമുക്ത ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി അന്നേദിവസം ഉച്ചക്ക് 2.00 മണി മുതല്‍ വൈകിട്ട് 6.00 മണി വരെ രാമനിലയം റോഡില്‍ തെരുവ്  നാടകങ്ങള്‍, ഹെറിറ്റേജ് സൈക്കിള്‍ റാലി, ചുമര്‍ ചിത്രരചന, റോഡ് രംഗോലി, സുംബ ട്രെയിനിങ്, ജൂഡോ ട്രെയിനിങ്, ഫ്‌ളാഷ് മൊബ്, ക്ലേ മോഡലിംഗ്, പപ്പറ്റ് ഷോ, വിവിധ ബോധവല്‍കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും

കാര്‍വിമുക്ത ദിനാചരണത്തോടനുബന്ധിച്ചു സൗജന്യ വൈദ്യ പരിശോധന, വിലക്കിഴിവോടുകൂടെ പരിസ്ഥിതി സൗഹാര്‍ദ്ദ ഉല്‍പ്പന്നങ്ങളുടെ വിപണനം, സൈക്കിളുകളുടെ ഡിസ്‌കൗണ്ട് വില്‍പ്പന, നടന്‍ പലഹാരങ്ങള്‍ എന്നിവയുടെ പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

സാമൂഹ്യ സേവന രംഗത്ത് കാല്‍നൂറ്റാണ്ടിലേറെയായി മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇസാഫിന്റെ നേതൃത്വത്തില്‍ 2008ല്‍ രൂപം കൊടുത്ത ഇസാഫ് ലിവബിള്‍ സിറ്റീസിന്റെ പ്രധാന ലക്ഷ്യങ്ങള്‍ കാല്‍നടയാത്രക്കാരുടെ അവകാശ സംരക്ഷണവും, പൊതുസ്ഥലങ്ങളുടെയും പാര്‍ക്കുകളുടെയും സംരക്ഷണവും, സ്‌കൂളിലേക്കുള്ള കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കലുമാണ്.

‘വാസയോഗ്യമായ ഒരു പ്രസന്ന നഗരം സൃഷ്ടിക്കുക’ എന്ന ഉദ്ദേശ്യത്തോടെ 2008 മുതല്‍ ബാംഗ്ലൂര്‍, നാഗ്പുര്‍, ഗുവാഹട്ടി, തൃശൂര്‍, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നീ നഗരങ്ങളില്‍ ഇസാഫ് ലിവബിള്‍ സിറ്റീസ് പ്രത്യേക പദ്ധതികള്‍ നടപ്പാക്കിവരുന്നു. ജീവിതശൈലി രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാല്‍നട യാത്രയുടെയും സൈക്ലിങിന്റെയും പ്രസക്തി ഏറെയാണ്. കുട്ടികള്‍, വയോജനങ്ങള്‍, സ്ത്രീകള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് സൗഹൃദമാകുന്ന തരത്തില്‍ നഗരനിര്‍മ്മാണം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ലോക കാര്‍വിമുക്ത ദിനം വിരല്‍ ചൂണ്ടുന്നു.

ഹെറിറ്റേജ് സൈക്കിള്‍ റാലി, വിവിധ നാടന്‍ കളികള്‍, എയ്‌റോബിക്‌സ്, തെരുവ് നാടക മത്സരങ്ങള്‍ എന്നിവ കാര്‍ വിമുക്ത ദിനാചരണത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും (ഐ.ഡി കാര്‍ഡ് സമര്‍പ്പിക്കണം എന്ന നിബന്ധനയോടെ) സൈക്കിള്‍ സവാരി ചെയ്യുകയും ചെയ്യാം.

തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഗവണ്മെന്റ് ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍ എംഎല്‍എ, ടി.എന്‍ പ്രതാപന്‍ എംപി, രമ്യ ഹരിദാസ് എംപി, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഐഎഎസ്, അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജു, കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി.വി. ബാലന്‍, ജവഹര്‍ ബാലഭവന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ കെ. മഹേഷ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.ജി. വിശ്വനാഥന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍ സാംബശിവന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ.എ. കവിത, സ്റ്റേറ്റ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വിയോണ്മെന്റ് എഞ്ചിനീയര്‍ സുശീല നായര്‍, ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകന്‍ കെ. പോള്‍ തോമസ് എന്നിവര്‍ പങ്കെടുക്കും.

Comments are closed.