News in its shortest

പണാപഹരണമല്ല യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിച്ചില്ല; പയ്യന്നൂരില്‍ നടപടിക്ക് കാരണമിതാണ്‌

പയ്യന്നൂര്‍ ഏരിയയിലെ സംഘടനാ പ്രശ്നങ്ങളില്‍ വിശദമായ അന്വേഷണങ്ങള്‍ക്കും പരിശോധനയ്ക്കും ശേഷമാണ് സംഘടനാ മാനദണ്ഡമനുസരിച്ച് പാര്‍ട്ടി ജില്ലാകമ്മിറ്റി ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതെന്നും പാര്‍ട്ടി അന്വേഷണത്തില്‍ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവന്‍ നിര്‍മ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ല. പാര്‍ട്ടി പണം നഷ്ടപ്പെട്ടിട്ടുമില്ല. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സമാഹരിച്ച തുക കൊണ്ടാണ് സി.പി.ഐ(എം) പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് വേണ്ടി എ.കെ.ജി ഭവന്‍ 2017 ല്‍ നിര്‍മ്മിച്ചത്. ദീര്‍ഘകാലത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു സൗകര്യപ്രദമായ ഒരു കെട്ടിടം നിര്‍മ്മിക്കുക എന്ന കാര്യം.

സമാനരീതിയിലാണ് ബഹുജനങ്ങളില്‍ നിന്നും ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ട് സമാഹരിച്ചത്. അതില്‍ നിന്നും കുടുംബസഹായ ഫണ്ട് നല്‍കുകയും, വീട് നിര്‍മ്മിക്കുകയും, കേസിന് വേണ്ടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിട നിര്‍മ്മാണത്തിന്‍റെയും, ധനരാജ് ഫണ്ടിന്‍റെയും വരവ്-ചെലവ് കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയാകമ്മിറ്റിയില്‍ അവതരിപ്പിക്കുന്നതില്‍ ചുമതലക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്.

ഇപ്പോഴാണ് ഇത് സംബന്ധിച്ച് ഓഡിറ്റും പരിശോധനയും നടത്തിയത്. ബഹുജനങ്ങളില്‍ നിന്നും ഏത് ആവശ്യത്തിന് വേണ്ടിയാണോ ഫണ്ട് പിരിക്കുന്നത് ആ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുകയും അത് സുതാര്യമായി നിര്‍വ്വഹിക്കുന്ന ഒരു പാര്‍ട്ടിയാണ് സി.പി.ഐ(എം) എന്ന് ബഹുജനങ്ങള്‍ക്കറിയാം.

ഗൗരവമായ ജാഗ്രതക്കുറവും യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണ് പയ്യന്നൂരിലുണ്ടായ വീഴ്ച. അത് കൊണ്ടാണ് ജില്ലാസെക്രട്ടറിയേറ്റ് അംഗമായ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്കും ഏരിയാകമ്മിറ്റിയംഗമായ ടി വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയതും, കെ.കെ ഗംഗാധരന്‍, കെ.പി മധു എന്നിവരെ ശാസിക്കാനും തീരുമാനിച്ചത്.

തിരഞ്ഞെടുപ്പ് ഫണ്ടില്‍ സാമ്പത്തിക ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണം നടത്തിയ കമ്മീഷന്‍ കണ്ടെത്തിയത്. എന്നാല്‍ ഓഫീസ് ജീവനക്കാര്‍ക്ക് ചില വീഴ്ച സംഭവിച്ചതായി കണ്ടെത്തി. അത് സാമ്പത്തിക കാര്യങ്ങളിലല്ല. അവരോട് വിശദീകരണം തേടിയപ്പോള്‍ വീഴ്ചകള്‍ സ്വയം വിമര്‍ശനപരമായി അംഗീകരിച്ചതിനാല്‍ 2 പേരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. ഈ അച്ചടക്ക നടപടികള്‍ക്കെല്ലാം സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്.

യഥാസമയം കണക്ക് ഏരിയാകമ്മിറ്റിയില്‍ അവതരിപ്പിക്കാതെ വന്നപ്പോള്‍ പാര്‍ട്ടി ഏരിയാകമ്മിറ്റിക്ക് ബന്ധപ്പെട്ടവരെ കൊണ്ട് അത് ചെയ്യിക്കുന്നതില്‍ വീഴ്ച സംഭവിക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ മറിച്ചുള്ള പ്രചരണങ്ങളെല്ലാം പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ്. ധനപഹരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വലതുപക്ഷ മാധ്യമങ്ങളും, വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തുന്ന ഹീനനീക്കത്തെ തിരിച്ചറിയാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും,ജനങ്ങള്‍ക്കും സാധിക്കും.

ഏരിയാസെക്രട്ടറിയുടെ പേരില്‍ നടപടിയെടുത്തതല്ല. പയ്യന്നൂര്‍ ഏരിയയിലെ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന മാനസികഐക്യമില്ലായ്മ പരിഹരിക്കാന്‍ ഉയര്‍ന്ന ഘടകമായ സംസ്ഥാനകമ്മിറ്റിയംഗത്തിന് സെക്രട്ടറിയുടെ ചുമതല കൊടുക്കുകയാണുണ്ടായത്. ഈ തീരുമാനങ്ങള്‍ ഏരിയാകമ്മിറ്റി അംഗീകരിച്ചതാണ്. തുടര്‍ന്ന് എല്ലാ ലോക്കല്‍കമ്മിറ്റികളിലും, പാര്‍ട്ടി അംഗങ്ങളുടെ ഇടയിലും വിശദീകരിച്ചതുമാണ്.

വസ്തുത ഇതായിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകരിലും ബഹുജനങ്ങളിലും തെറ്റിദ്ധാരണ പരത്താനായി ദുഷ്ടലക്ഷ്യത്തോടെയുള്ള പ്രചരണത്തെ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും. വര്‍ഗ്ഗീയതയ്ക്കും, കേന്ദ്രസര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ധീരമായി പൊരുതുകയും ബദല്‍ വികസന-ക്ഷേമപദ്ധതികള്‍ നടപ്പാക്കി കേരളത്തില്‍ നാടിനെയും, ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനമാണ് സി.പി.ഐ(എം) ഉം, എല്‍.ഡി.എഫ് ഉം, സംസ്ഥാന സര്‍ക്കാറും ചെയ്യുന്നത്.

ആ കടമ നിര്‍വ്വഹിക്കാന്‍ സി.പി.ഐ(എം) നെ ദുര്‍ബ്ബലപ്പെടുത്തുകയല്ല ശക്തിപ്പെടുത്തുകയാണ് വേണ്ടത്. സി.പി.ഐ(എം) നെ ദുര്‍ബ്ബലപ്പെടുത്തുക എന്നത് കോര്‍പ്പറേറ്റ്-വലതുപക്ഷ അജണ്ടയാണ്. ആ കെണിയില്‍ വീണുപോകാതെ പോരാട്ടങ്ങളിലൂടെയും. ജീവത്യാഗത്തിലൂടെയും വളര്‍ന്നുവന്ന പയ്യന്നൂരിലെ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും, പാര്‍ട്ടിയെ സ്നേഹിക്കുന്ന ബഹുജനങ്ങളും തയ്യാറാകണമെന്ന് സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

പണാപഹരണമല്ല യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിച്ചില്ല; പയ്യന്നൂരില്‍ നടപടിക്ക് കാരണമിതാണ്‌

80%
Awesome
  • Design