Now Reading
ഒറ്റുകാരാകുന്ന മലയാള മാധ്യമങ്ങൾ

ഒറ്റുകാരാകുന്ന മലയാള മാധ്യമങ്ങൾ

തിരുവല്ലം ഭാസി

കൊറോണ ചങ്ങല പൊട്ടിച്ചു പാഞ്ഞുവന്ന ദിനങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സര്‍ക്കാരിനൊപ്പമായിരുന്നു. മുഖ്യമന്ത്രിയുടേയും, ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തില്‍ ഭരണ സംവിധാനം ഒന്നടങ്കം നടത്തിയ ചിട്ടയായ കഠിനപരിശ്രമം വിജയം കണ്ടതിനെ വാഴ്ത്തുകയായിരുന്നു ഭൂരിപക്ഷം മലയാള മാധ്യമങ്ങളും. കാരണം അന്തിച്ചര്‍ച്ചാ വിദഗ്ധരെയും ഭയം വല്ലാതെ പിടികൂടിയിരുന്നു. അതുകൊണ്ടുതന്നെ അവര്‍ സര്‍ക്കാരിന്റെ ഫലപ്രദമായ നടപടികളെ വാനോളം പുകഴ്ത്തി.

പ്രതിപക്ഷത്തിന്റെ ചങ്കിടിഞ്ഞു. ഈ കണക്കിനുപോയാല്‍ അടുത്ത തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി സീറ്റുകള്‍ തൂത്തുവാരുമെന്നുറപ്പായി.

ആദ്യം ഹാലിളകിയത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. എന്നാല്‍ അതൊന്നും ഏശിയില്ല. ഓരോ പത്രസമ്മേളനങ്ങളിലും പ്രധാനമന്ത്രിയുടെ പേര് എടുത്തു പറഞ്ഞ മുഖ്യമന്ത്രിയുടെ തന്ത്രം പിന്നീട് ബി.ജെ.പി.ക്ക് പിടികിട്ടി. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹ്രസ്വകാല നിലപാടെടുത്തു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളൊന്നും ഏറ്റില്ല. ജനങ്ങള്‍ക്കുമുന്നില്‍ അവര്‍ അപഹാസ്യരാവുകയും ചെയ്തു. എന്നാല്‍ അമേരിക്കന്‍ മലയാളിയുടെ സ്പ്രിംഗ്‌ളര്‍ എന്ന കമ്പനിയുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടതാണ് ഇപ്പോള്‍ പ്രശ്‌നം.രോഗബാധിതരുടേയും രോഗം സംശയിക്കുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ചു ക്രോഡീകരിക്കുന്നതു സംബന്ധിച്ചാണ് കരാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന നല്ല ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ മുഖേന ഏര്‍പ്പെട്ട കരാറാണ് വിവാദ വിഷയം.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് 200 കോടി രൂപയ്ക്ക് അമേരിക്കന്‍ കമ്പനി വിറ്റു എന്ന കൃത്യമായ കണക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ചു. സര്‍ക്കാരും ഐ.ടി സെക്രട്ടറിയും അറിയാവുന്ന ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും കാര്യങ്ങള്‍ തിരിഞ്ഞിട്ടില്ല. ഇല്ലെങ്കിലും കേരളത്തില്‍ ഏതുവിഷയത്തിലും അന്തിമവിധി പ്രഖ്യാപിക്കുന്നത് മാധ്യമ ജഡ്ജിമാരാണ്.

See Also

വായില്‍തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന മട്ടില്‍ അവര്‍ നിഗമനങ്ങള്‍ ആധികാരികമായി അവതരിപ്പിക്കും. അല്‍പ്പജ്ഞാനികളുടെ തത്വസംഹിതപോലെ.ഏറ്റവും ഒടുവില്‍ സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ബന്ധമുണ്ടെന്നാണ് മാധ്യമ ഡിറ്റക്റ്റീവുകളുടെ വലിയ കണ്ടുപിടുത്തം. ഒരു ഡിറ്റക്റ്റീവിന്റെ എക്‌സ്‌ക്ലൂസീവല്ല എന്നതാണ് വിചിത്രം! നാലു ചാനലിലെ നാലു ഡിറ്റക്റ്റീവുകള്‍ ഒരേ സമയം ഒരേ വാര്‍ത്ത കണ്ടുപിടിച്ച് എക്‌സ്‌ക്ലൂസീവായി റിപ്പോര്‍ട്ടുചെയ്യുന്നു.

ലോകത്തൊരിടത്തും കാണില്ല ഈ അത്ഭുത പ്രതിഭാസം.പുരകത്തുമ്പോള്‍ വാഴവെട്ടുകയോ, വാഴകത്തുമ്പോള്‍ പുരവെട്ടുകയോ ചെയ്യുന്ന പോലുള്ള പരിപാടിയാണിത്. കേരള സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിന് തങ്ങള്‍ തന്നെ നേടിക്കൊടുത്ത മൈലേജ് (ജീവഹാനിയുടെ ഉള്‍ഭയത്തോടെ) തകര്‍ക്കുകയാണ് മലയാള മാധ്യമങ്ങളുടെ ലക്ഷ്യം.ഭയം മാറി. കേരളം ഏറെക്കുറെ വിജയിച്ചു. ഇനി സദ്യക്കൊപ്പം അല്‍പ്പം കോഴിക്കാഷ്ഠം വിളമ്പണം.അതാണ് മലയാള മാധ്യമങ്ങള്‍!പത്രം വാരിക.

ഒറ്റുകാരാകുന്ന മലയാള മാധ്യമങ്ങൾ. കൊറോണ ചങ്ങല പൊട്ടിച്ചു പാഞ്ഞുവന്ന ദിനങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങള്‍…

Posted by Thiruvallam Bhasi on Monday, April 20, 2020
0
Good
50100
Pros
Cons
Scroll To Top