News in its shortest

റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഹോങ്കോങ്ങില്‍ നിന്നും കേരളത്തില്‍ എത്തിക്കും; കേന്ദ്ര സഹായം തേടി

പ്രധാനമന്ത്രി നരേന്ദ്രമോദയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശം അറിയിച്ചു. കേന്ദ്രം നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട് ലോകത്താകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

രോഗസാധ്യത സംശയിക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അതത് രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികളുടെ സഹായത്തോടെ ഒരുക്കണം. ഇവിടെനിന്നു പോയി ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് വ്യക്തിഗത പ്രതിരോധ സാമഗ്രികളും സംവിധാനവും എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണം.

കൊറോണ അല്ലാത്ത കാരണങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാക്കണം. ഇതിനായി എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം.

സംസ്ഥാനാന്തര ചരക്കുനീക്കം ഒരുതരത്തിലും തടയപ്പെടില്ല എന്ന് ഉറപ്പുവരുത്തണം. ഒരു രാഷ്ട്രമെന്ന നിലയില്‍ ഒറ്റക്കെട്ടായി ഈ വെല്ലുവിളിയെ നേരിടുകയാണ് വേണ്ടതെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ടാകണമെന്ന കാര്യവും ഊന്നിപ്പറഞ്ഞു. അതില്‍ പക്ഷപാത നിലപാടുകള്‍ ഉണ്ടാകാന്‍ പാടില്ല.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന ഘട്ടത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള പ്രത്യേക യാത്രാ സൗകര്യങ്ങള്‍ ഒരുക്കണം.

കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും സംസ്ഥാനം ആവശ്യപ്പെടുന്നതിനനുസരിച്ച് യഥാസമയം അനുമതി നല്‍കണം. കൂടുതല്‍ ടെസ്റ്റിങ് സെന്ററുകള്‍ക്ക് അനുവാദം വേണ്ടതിന്റെ ആവശ്യകതയും കേരളം റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതിന്റെ വിശദാംശവും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ കിറ്റുകള്‍ ഹോങ്കോങ്ങില്‍നിന്ന് ദൈനംദിനം വിമാനമാര്‍ഗം കൊണ്ടുവരേണ്ടതുണ്ട്. അതിന് കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം അഭ്യര്‍ത്ഥിച്ചു.

എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാരെ കൂടി ചേര്‍ത്ത് നമ്മുടെ സന്നദ്ധ പ്രവര്‍ത്തനം വിപുലീകരിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ വിട്ടുപോയവരെയും അതില്‍ ഉള്‍പ്പെടുത്തും.

കോവിഡ് പ്രത്യേക ആശുപത്രികള്‍ തുടങ്ങാന്‍ വലിയ മൂലധനം ആവശ്യമായി വരുന്നു. അതിനുള്ള തുക ദുരന്ത നിവാരണ നിധിയില്‍നിന്ന് ഉപയോഗിക്കാന്‍ അനുവാദം നല്‍കണം.

സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങളും ഉന്നയിച്ചു.

എന്‍ജിഒ സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഉണ്ടാക്കും.

ട്രക്ക് ഓണ്‍ലൈന്‍ പൂളിങ് നടത്തി വിളകള്‍ കമ്പോളത്തില്‍ എത്തിക്കും.

എസ്ഡിആര്‍എഫ് സംസ്ഥാന വിഹിതമായി നമുക്ക് 157 കോടി രൂപ കിട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹോട്ട് സ്‌പോട്ടുകള്‍ എന്ന് തരംതിരിക്കപ്പെട്ട ജില്ലകളില്‍ കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നിവ ഉണ്ട്. നമ്മള്‍ അതീവ ജാഗ്രത കാണിക്കേണ്ട ആവശ്യകതയാണ് ഇത് എടുത്തു കാണിക്കുന്നത്.

ലോക്ക്ഡൗണ്‍ എങ്ങിനെ ക്രമേണ ഒഴിവാക്കണമെന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ വിദഗ്ദ്ധരുടെ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ച് മൂന്ന്-നാല് ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി ഉപസംഹാര പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ ഏകീകൃത മാനദണ്ഡമുണ്ടാകാനാണ് ഇത്.

രോഗികളുടെ എണ്ണത്തില്‍ മുന്‍പിലാണെങ്കിലും കേരളത്തില്‍ മരണനിരക്ക് കുറവാണ് എന്നത് ശ്രദ്ധേയമാണെന്ന് ആമുഖ സംഭാഷണത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിപ്രായപ്പെട്ടു.

Comments are closed.