News in its shortest

കോവിഡ് വന്ന് മരിച്ചയാള്‍ക്ക് അന്തിമ ആദരവ് അര്‍പ്പിച്ച് ആരോഗ്യപ്രവര്‍ത്തകര്‍

ടി സി രാജേഷ്‌

നോക്കൂ, മൃതദേഹം ചിതയിലേക്കെടുക്കും മുൻപ് അർഹമായ ആദരവ് നൽകി ഈ ആരോഗ്യപ്രവർത്തകർ മൃതദേഹത്തെ വന്ദിക്കുകയാണ്. മറ്റൊന്നും മരണാനന്തര ചടങ്ങായി ചെയ്യാനാകില്ല. അത് അവർക്ക് അറിയുകയുമില്ല. അറിയാവുന്ന ഏക കാര്യം അവർ ചെയ്യുന്നു.

അവർ അവരുടെ ജോലി തുടരുക തന്നെ ചെയ്യും. ആരൊക്കെ ആക്രമിച്ചാലും, ആരൊക്കെ കുത്തിത്തിരിപ്പുണ്ടാക്കിയാലും അവർക്കത് ചെയ്യാതിരിക്കാനാകില്ല. കോവിഡ് ബാധിച്ചു മരിച്ച ചിറയിൻകീഴ് സ്വദേശിയുടെ മൃതദേഹം തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യപ്രവർത്തകർ ഏറ്റെടുത്ത് സംസ്‌കരിക്കുന്നതാണ് ദൃശ്യം.

അവിടെ സംസ്‌കാരത്തിന് സൗകര്യമില്ലാത്തതിനാൽ തദ്ദേശസ്ഥാപനത്തിൽ നിന്നുള്ള അഭ്യർഥനപ്രകാരം മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുകയാണ്. മരിച്ചയാളിന്റെ ജാതിയോ മതമോ ലിംഗമോ പ്രദേശമോ ഒന്നും ഇവിടെ പ്രസക്തമല്ല. മരണാനന്തര കർമങ്ങൾ ചെയ്യുന്നവരുടെ കാര്യത്തിലും അങ്ങനെതന്നെ.

നമുക്ക് ഇതിൽ ആരുടേയും മുഖം കാണാനാകില്ല. ആരോഗ്യപ്രവർത്തകരെല്ലാം പിപിഇ കിറ്റിനുള്ളിലാണ്. പുറമേ കാഴ്ചയിൽ ഒരുപോലിരിക്കും. മൃതദേഹവും പൊതിഞ്ഞ അവസ്ഥയിൽ. മുഖത്തിനുമപ്പുറം മനുഷ്യത്വമാണ് ഇവിടെ നാം കാണേണ്ടത്. പൂന്തുറ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നുള്ള 12 കണ്ടിജൻസി ജീവനക്കാർ. അവർക്ക് പ്രത്യേക പരിശീലനം നൽകി കോർപ്പറേഷൻ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണ്.

നോക്കൂ, മൃതദേഹം ചിതയിലേക്കെടുക്കും മുൻപ് അർഹമായ ആദരവ് നൽകി ഈ ആരോഗ്യപ്രവർത്തകർ മൃതദേഹത്തെ വന്ദിക്കുകയാണ്. മറ്റൊന്നും…

Posted by TC Rajesh Sindhu on Sunday, 12 July 2020

ഏതു പാതിരാത്രിക്കും കോവിഡുമായി ബന്ധപ്പെട്ട ഏതു സേവനത്തിനും അവർ തയ്യാറാണ്. മാസം പതിനായിരങ്ങൾ ശമ്പളം വാങ്ങുന്നവർ ഒരു ജോലിയും ചെയ്യാതിരിക്കുമ്പോഴാണ് ദിവസം 630 രൂപ കൂലിക്ക് ഇവർ പകലന്തിയോളം പണിയെടുക്കുന്നത്, വീട്ടിൽപോലും പോകാതെ. തിരുവനന്തപുരം കോർപ്പറേഷനിലെ പല ആരോഗ്യപ്രവർത്തകരും വീട്ടിൽ പോയിട്ട് മാസങ്ങളായി.

ഇന്നലെ അതിലൊരാൾ വീടിന്റെ അടുത്തവരെ പോയി ഗർഭിണിയായ ഭാര്യയെ അകലെ നിന്നു കണ്ടിട്ട് തിരികെപ്പോന്നു. മകനെ കാണാൻ നിന്നില്ല, കണ്ടാൽ അവനോടിവന്ന് കെട്ടിപ്പിടിച്ചാലോ എന്ന ആശങ്ക. പ്രായമായ മാതാപിതാക്കളും പ്രായപൂർത്തിയാകാത്ത കുട്ടികളുമുള്ളവരാണ് ഇവരിൽ പലരും.

അതുകൊണ്ടുതന്നെ ജാഗ്രത പുലർത്തേണ്ടത് അവരുടെകൂടി ആവശ്യമാണ്. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നിടങ്ങൾ അണുവിമുക്തമാക്കണം, ക്വാറന്റൈനിൽ കഴിയുന്നവരുടെ ക്ഷേമം അന്വേഷിക്കണം, അവർക്ക് ആഹാരമെത്തിക്കണം, മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കണം, മാലിന്യസംസ്‌കരണത്തിലെ തടസ്സങ്ങൾ പരിഹരിക്കണം, വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തണം…

ജോലികൾ പലവിധമാണ്. എല്ലാവരുടേയും സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇന്നോ നാളെയോ റിസൽട്ടുവരും.ഇതിനിടയിൽ ക്വാറന്റൈൻ സെന്ററുകളിൽ താമസിക്കുന്നവരിൽ പ്രശ്‌നമുണ്ടാക്കുന്ന ചിലരുണ്ട്. വിദേശത്തുനിന്ന് ഒപ്പം കൊണ്ടുവരുന്ന കുപ്പിക്ക് അതിനുള്ള കരുത്തുണ്ടല്ലോ! ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് ചെല്ലാൻ പോലീസിനു പേടിയാണ്.

അതുകൊണ്ടുതന്നെ അത്തരം പ്രശ്‌നക്കാരെ കൈകാര്യം ചെയ്യേണ്ട ഗതികേടും ഇതേ ഉദ്യോഗസ്ഥർക്കുതന്നെ. ഇന്നലെയും രാത്രി കാണുമ്പോൾ‍ അതിലൊരാൾ പറഞ്ഞു: ‘ഇതൊക്കെ എന്നുവരെ നീളുമെന്നറിയില്ല, എന്ന് വീട്ടിൽ പോകാനാകുമെന്നുമറിയില്ല. ഒരവധിയും നല്ലൊരുറക്കവും ഇനിയെന്നാണ് കിട്ടുകയെന്നുമറിയില്ല. കാത്തിരിക്കാതെ നിർവാഹമില്ലല്ലോ!’

psc questions, psc app, psc learning app, psc online learning

Comments are closed.