News in its shortest

കോവിഡ് 19: വൈറസ് വ്യാപനത്തിന്റെ കണ്ണി അറുത്തു മാറ്റുക

‘ബ്രേയ്ക്ക് ദ ചെയ്ൻ’ എന്ന പേരിൽ നാമൊരു പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ട്. വൈറസ് വ്യാപനത്തിന്റെ കണ്ണി അറുത്തു മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. മാളുകൾ, കടകൾ, ഓഫീസുകൾ, മാർക്കറ്റുകൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയിൽ രോഗവ്യാപനം തടയാനുള്ള അണുനശീകരണ പരിപാടിയാണിത്. അത് വിജയിപ്പിക്കുന്നതിനൊപ്പം നേരത്തെ സൂചിപ്പിച്ച ജനവിഭാഗങ്ങളിൽ പ്രതിരോധപ്രവർത്തനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.

നമ്മുടെ സമൂഹത്തിലെ ടാക്സി, ഓട്ടോ ഡ്രൈവർമാർ, പാൽ, പത്ര വിതരണക്കാർ എന്നിങ്ങനെ കൂടുതൽ പൊതുജന സമ്പർക്കത്തിൽ ഏർപ്പെടുന്നവരിലും ആവശ്യമായ ബോധവൽക്കരണം നടത്തണം. അതുപോലെ എടിഎം മെഷീൻ ലിഫ്റ്റുകൾ തുടങ്ങിയവയിൽ വൈറസ് വ്യാപനത്തിൻറെ സാധ്യത കൂടുതലാണ്. അവിടങ്ങളിൽ സാനിറ്റൈസർ ഉപയോഗം ഉറപ്പാക്കണം.

മറ്റൊരു പ്രധാന കാര്യം പരിസര ശുചീകരണമാണ്. ഓഫീസുകൾ, പൊതുസ്ഥലങ്ങൾ, ബസ് സ്റ്റാൻഡ്, മാർക്കറ്റ് മുതലായ സ്ഥലങ്ങൾ ഇവിടങ്ങളിലെ ശുചീകരണം പ്രാദേശിക ഭരണ സംവിധാനം ഉറപ്പാക്കണം. തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലയിലും മറ്റും അത് ഭംഗിയായി നിർവഹിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. ആ ചടുലതയും നിർബന്ധ ബുദ്ധിയും സാർവത്രികമാക്കണം. ഉപയോഗിച്ച മാസ്‌ക്കുകൾ നശിപ്പിക്കണം. അതിന് സൗകര്യമൊരുക്കേണ്ടത് പ്രാദേശിക തലത്തിൽ തന്നെയാണ്. അവ അലക്ഷ്യമായി പുറത്തേക്ക് കളയുന്ന അവസ്ഥ ഒഴിവാക്കാൻ കളക്ഷൻ സെൻറർ സ്ഥാപിക്കുന്നതടക്കമുള്ള മാർഗങ്ങൾ തേടണം.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ പറഞ്ഞത് തന്നെയാണ്. കമ്യൂണിറ്റി കൗൺസലിങ്ങും വേണ്ടതുണ്ട്. അവരെ കൃത്യമായി പരിശോധിക്കുകയും അവർക്കുണ്ടാകുന്ന വിഷമങ്ങളും അവരിൽ ഉണ്ടാകുന്ന മാറ്റങ്ങളും വിലയിരുത്തി ഇടപെടൽ നടത്തുകയും പ്രധാനം തന്നെയാണ്. അതുകൊണ്ടാണ് ആരോഗ്യപ്രവർത്തകർ അടങ്ങുന്ന ടീം ദിവസേന ഇവരെ ബന്ധപ്പെടണമെന്ന് നേരത്തെ തീരുമാനിച്ചത്

Comments are closed.