News in its shortest

കൊറോണ വ്യാജ വാര്‍ത്ത: ഇതുവരെ അറസ്റ്റിലായത് 16 പേര്‍

കുന്നംകുളത്ത് കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശം അയച്ച കേസിൽ രണ്ടു പേർ കൂടി ചൊവ്വാഴ്ച അറസ്റ്റിലായി. ഏങ്ങണ്ടിയൂർ പഴഞ്ചേരി വീട്ടിൽ റെജിൽ (30), ഏങ്ങണ്ടിയൂർ പോളു വീട്ടിൽ അതുൽ (22) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ 16 പേർ അറസ്റ്റിലായി. റൂറൽ പോലീസ് എട്ടു പേരെയും സിറ്റി പോലീസ് എട്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്.

കൊറോണ നിരീക്ഷണ കാലഘട്ടം കഴിഞ്ഞ് നിത്യജീവിതത്തിലേക്ക് മടങ്ങി വരുന്നവർ തീർത്തും രോഗബാധയുടെ സംശയത്തിൽ നിന്ന് മുക്തരാണെന്നും യാതൊരു കാരണവശാലും അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്ന സാഹചര്യം ഉണ്ടാവരുതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിരീക്ഷണ കാലഘട്ടത്തിൽ സമൂഹത്തിന്റെ നന്മയെക്കരുതി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന സാഹചര്യം അതിജീവിച്ച് തിരിച്ച് വിദ്യാലയങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും മടങ്ങി വരുമ്പോൾ അവർക്ക് എല്ലാവിധ പിന്തുണയും നൽകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തവും സാമൂഹികകടമയുമാണ്. കൗൺസിലർമാർ മുഖേനയുളള സേവനം ആരോഗ്യവകുപ്പ് തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്.

നിലവിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4 പേരും തൃശൂർ ജനറൽ ആശുപത്രിയിൽ 2 പേരും ചാലക്കുടി താലൂക്കാസ്ഥാന ആശുപത്രിയിൽ 2 പേരുമുൾപ്പെടെ 8 പേർ ആശുപത്രികളിലും 233 പേർ വീടുകളിലും നിരീക്ഷണത്തിൽ തുടരുന്നുണ്ട്.

ചൊവ്വാഴ്ച 2 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. 60 പേരുടേതായി 88 സാമ്പിളുകൾ ആകെ അയച്ചിട്ടുണ്ട്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും തന്നെയില്ല.

കൊറോണ രോഗബാധ ബോധവൽക്കരണ പ്രവർത്തനങ്ങൾ പല മേഖലകളിലുമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച (11.02.2020) 5974 ക്ലാസ്സ് നൽകിയതടക്കം ജില്ലയിൽ ഇതുവരെ മൊത്തം 72674 പേർക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നൽകി.

Comments are closed.