News in its shortest

കൊറോണയെന്താ നമ്മളെ പിടിച്ചോണ്ട് പോവുമോ? ഈ ചോദ്യകര്‍ത്താക്കള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്‌

1,390

ദീപു സദാശിവന്‍

“കൊറോണയെന്താ നമ്മളെ പിടിച്ചോണ്ട് പോവുമോ? പോലീസ് വന്നു ജയിലിൽ അടയ്ക്കുമോ?”

എഴുതണോ വേണ്ടയോ എന്ന് കുറെ ദിവസങ്ങളായി ആലോചിച്ച ഒരു കഥ, കഥയല്ല സംഭവം ചുരുക്കി എഴുതാം.

ഏകദേശം രണ്ടാഴ്ചയ്ക്കു മുന്നേ ഒരു കല്യാണം നടക്കാനിരിക്കേ, കല്യാണം മാറ്റി വെക്കൂ എന്ന് നിർദ്ദേശിച്ച വ്യക്തിയോട്, കല്യാണ ചെക്കന്റെ വീട്ടുകാർ പുച്ഛത്തോടെയോ നീരസത്തോടെയോ പറഞ്ഞ വാക്കുകളാണ് മുകളിൽ എഴുതിയത്.കല്യാണ ചെക്കൻ പറഞ്ഞു ഇപ്പോൾ നടന്നില്ലെങ്കിൽ പല അസൗകര്യങ്ങളും ഉണ്ടത്രേ.

എങ്കിൽ പരിമിതമായ രീതിയിൽ എങ്കിലും നടത്തൂ എന്ന് പറഞ്ഞ സുഹൃത്ത് അല്പ ദിവസങ്ങൾക്കു ശേഷം കല്യാണ ഫോട്ടോകൾ കണ്ടു അക്ഷരാർത്ഥത്തിൽ ഞെട്ടി. നൂറു പേര് മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ എന്ന സർക്കാർ നിബന്ധന ഇരു വീട്ടിൽ നിന്നും നൂറുപേർ എന്ന രീതിയിൽ അവർ തന്നെ പുനർ നിശ്ചയിച്ചു, കല്യാണ ദിവസത്തെ ചടങ്ങുകൾ മാത്രമല്ല, അനുബന്ധ ചടങ്ങുകൾ ഒക്കെ ഗംഭീരം, കോവിഡ് ഒക്കെ എന്ത് എന്ന ഭാവത്തിൽ മാസ്ക് ഒക്കെ കാറ്റിൽ പറത്തിയുള്ള ഫോട്ടോകൾ. ( നാലഞ്ചു ദിവസം മുൻപേ തൊട്ടു ഡാൻസ് പരിശീലനം ഒക്കെ നടത്തിയിട്ടുള്ള പ്രകടനമായിരുന്നത്രേ!)

അൽപ ദിവസത്തിനു ശേഷം വീണ്ടും ഫോൺ വന്നു വരന്റെ അച്ഛൻ സംസാരിക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ, നാലു ദിവസമായി രോഗലക്ഷണങ്ങൾ!! ആശുപത്രിയിൽ പോയില്ല. ഒടുവിൽ ഡോക്ടറായ സുഹൃത്ത് തന്നെ ദൂരെ ഇരുന്നു കൊണ്ട് ആശുപത്രികളിൽ അഡ്മിഷന് വേണ്ടി ശ്രമിക്കുന്നു.

നിലവിൽ ഈ വിധം കല്യാണവും, തിരഞ്ഞെടുപ്പും, ഗ്രഹപ്രവേശവും ഒക്കെ നടത്തിയവർ ഒക്കെ വേറെയും ഉള്ളത് കൊണ്ടും കൂടിയാവാം അല്പം കഷ്ടപ്പെട്ടു ഒരു ആശുപത്രി അഡ്മിഷൻ കിട്ടാൻ. ഇരു ശ്വാസകോശങ്ങളെയും ബാധിക്കുന്ന തരത്തിൽ ന്യുമോണിയ, ഹൃദയത്തിന്റെ പ്രവർത്തനത്തിലും നേരിയ പ്രശ്നങ്ങൾ– കോവിഡ് തന്നെ!ഓക്‌സിജന്റെ തോത് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ രോഗിയെ കൂടുതൽ സൗകര്യം ഉള്ള കേന്ദ്രത്തിലേക്ക് കൊണ്ട് പോവാനുള്ള ശ്രമങ്ങൾ.

നിലവിലെ കേരളത്തിലെ സാഹചര്യം ആശുപത്രികൾ രോഗികളാൽ പൂരിതം എന്നതാണ്, നാം (അതായത് ആരോഗ്യപ്രവർത്തകരും സർക്കാർ സംവിധാനങ്ങളും) കിണഞ്ഞു പരിശ്രമിക്കുകയാണ്. പക്ഷെ എന്തിനും പരിധിയും പരിമിതിയും ഉണ്ടല്ലോ, അതിന്റെ പാരമ്യതയിലേക്ക് നാം നീങ്ങുകയാണ്.ഒടുവിൽ ഒരു പകലത്തെ പരിശ്രമത്തിന് ശേഷം കൂടുതൽ സൗകര്യങ്ങൾ ഉള്ള കേന്ദ്രത്തിൽ ബെഡ് കിട്ടി.

നിലവിൽ രോഗി കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് ആഴ്ന്നു പോവുന്നു, വെന്റില്ലെറ്ററിൽ ആണ്. ഓക്സിജൻ സാച്വറേഷൻ ( നോർമൽ അവസ്ഥയിൽ 93 നു മുകളിൽ ഉണ്ടാവേണ്ടത്) 60 നു താഴേക്കു പോവുന്ന നില വരെ എത്തിയിരുന്നു.നിലവിൽ കല്യാണത്തിൽ പങ്കെടുത്ത പത്തു പേരോളം പേർ കോവിഡ് പിടിയിലാണ്, അതിൽ മറ്റൊരാൾക്ക് വേണ്ടി കൂടി ഇന്ന് ആശുപത്രി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അഞ്ചോളം രോഗലക്ഷണം ഉള്ളവർ റിസൾട്ട് കാത്തിരിക്കുന്നു. സുഹൃത്തിന് ദിനേന ചുമയും ആയി ചെറുപ്പക്കാരായ കസിൻസ് ന്റെ വിളി മാറി മാറി ചെല്ലുന്നു, ഇനി എന്ത് ചെയ്യണം എന്നാണു ചോദ്യം. എന്തായിരുന്നു ചെയ്യേണ്ടി ഇരുന്നത് എന്ന് ആദ്യമേ പറഞ്ഞ ആളോടാണ് ഇപ്പോൾ ഈ ചോദ്യം.വരൻ ഉൾപ്പെടെ ഉള്ളവർ ലക്ഷണങ്ങൾ ഉണ്ടായിട്ടും അവഗണിച്ചു പരിപാടിയുമായി മുന്നോട്ടു പോയതാണ്.അപ്പൊ ആദ്യത്തെ ചോദ്യത്തിന് ഉത്തരം ആയിട്ടുണ്ട്.

പോലീസ് പിടിക്കില്ലായിരിക്കും പക്ഷെ, കൊറോണ വന്നു പിടിച്ചോണ്ട് പോയേക്കും, otherwise ജീവനോടെ ഇരിക്കേണ്ട പലരെയും കോവിഡ് വന്നു കൂട്ടിക്കൊണ്ട് പോവുന്ന ഹൃദയഭേദകമായ വാർത്തയാണ് ചുറ്റിനും. ഈ രീതിയിൽ രോഗപ്പകർച്ച തുടർന്ന് പോയാലും,ഇന്ന് വരെ ആർജ്ജിച്ചെടുത്ത ഡ്രൈവിംഗ് വൈദഗ്ദ്ധ്യം ഉപയോഗിച്ച് ബ്രേക്ക് പൊട്ടിയ ഒരു വണ്ടി ഗിയർ ഡൌൺ ചെയ്തു അതീവ സമചിത്തത്തയോടെ സ്ലോ ചെയ്തു നിർത്തുന്ന പ്രക്രിയ ആയിരിക്കും ഇവിടുത്തെ ആരോഗ്യപ്രവർത്തകർ ചെയ്യാൻ ശ്രമിക്കുന്നത്.

അതിലവർ വിജയിച്ചേക്കും, വാഹനത്തിലുള്ളവർക്ക്‌ അധികം അപകടം പറ്റാതെ, എന്ന് തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്. പക്ഷെ അതിന് സാമൂഹിക സഹകരണം എന്നൊരു ഘടകം കൂടി വേണം. സ്വയം നിയന്ത്രണങ്ങൾ പാലിക്കണം, ഇനിയീ വൈറസിനെ കൂടുതൽ പടരാൻ ഞാനോ എനിക്ക് വേണ്ടപ്പെട്ടവരോ അനുവദിക്കില്ല എന്ന് തീരുമാനിച്ചു ഓരോരുത്തരും പെരുമാറണം. അനാവശ്യമായി പുറത്തിറങ്ങില്ല എന്ന് തീരുമാനിക്കണം.

നിലവിലെ വിവാഹ ചടങ്ങുകൾ നടത്താൻ സർക്കാർ അനുവാദം ഉണ്ട്, എന്നാൽ അത് വേണ്ട, ഈ അപകട കാലം കഴിഞ്ഞിട്ടും ആവാം വിവാഹം, സദ്യയ്‌ക്കൊപ്പം കൊറോണ വിളമ്പില്ല എന്ന് തീരുമാനിക്കണം. പരസ്പരം സഹായിക്കണം, ത്യാഗ മനസ്സോടെ പെരുമാറണം, ആരോഗ്യ പ്രവർത്തകരോട് പരമാവധി സഹകരിക്കണം, അവരുടെ നിർദ്ദേശങ്ങൾ അനുവർത്തിക്കണം.

മേൽപ്പറഞ്ഞത് ഒരു സംഭവം മാത്രമാണ്, സമാനമായ ഒരു പിടി കഥകൾ കേട്ട് മനസ്സ് മടുത്തിരിക്കുകയാണ്. ഇതൊക്കെ പറയുമ്പോൾ പുച്ഛത്തോടെ നോക്കുന്നവർ ഇപ്പോളും കാണാം.എൻ ബി: രാഷ്ട്രീയക്കാർ അത് ചെയ്തില്ലേ ഇത് ചെയ്തില്ലേ എന്ന വിടുവായത്തം പറയാൻ ഇറങ്ങുന്നവർ അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യാൻ ആണ് തീരുമാനം. അമ്മാതിരി അപകടങ്ങളൊക്കെ ഇവിടെ അരങ്ങേറുന്നത് കൊണ്ടും കൂടിയാണ് സാമാന്യ ജനത്തിനോട് ഇത് വീണ്ടും വീണ്ടും പറയുന്നത്.

(ദീപു സദാശിവന്‍ ഫേസ്ബുക്കില്‍ കുറിച്ചത്‌)

കൊറോണയെന്താ നമ്മളെ പിടിച്ചോണ്ട് പോവുമോ? ഈ ചോദ്യകര്‍ത്താക്കള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്‌
80%
Awesome
  • Design

Comments are closed.