News in its shortest

ഇന്‍ഫോപാര്‍ക്കിലെ ഈ കെട്ടിടം ചൂടിനെ പ്രതിരോധിച്ച് ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുന്നതിങ്ങനെ

കേരളത്തില്‍ നിന്നുള്ള ആഗോള ഐടി കമ്പനിയായ ക്ലേസിസ് ടെക്‌നോളജീസിന്റെ ഇന്‍ഫോ പാര്‍ക്കിലെ പുതിയ കാമ്പസ് ബദല്‍ ഊര്‍ജ്ജ മാതൃക. ബദല്‍ ഊര്‍ജ മാര്‍ഗങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് കെട്ടിടം പണിതത്. കെട്ടിടത്തിന് മുന്‍വശത്തെ ഗ്ലാസ് പാനലുകളില്‍ വലിയൊരു ശതമാനവും സോളാര്‍ പാനലുകളാണ്. 50 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദന ശേഷിയുണ്ട്. കെട്ടിടത്തിന് ആവശ്യമായ ഊര്‍ജ്ജത്തിന്റെ 30 ശതമാനമാനത്തിലേറെ ഇതുവഴി ലഭിക്കും.

ഇന്ത്യയില്‍ ആദ്യമായാണ് സോളാര്‍ പാനലുകള്‍ ഈ രീതിയില്‍ കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ചൂട് പ്രതിരോധിച്ച് ഊര്‍ജ ഉപയോഗം കുറയ്ക്കുന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കേരളത്തില്‍ ആദ്യമായി പണികഴിച്ച കെട്ടിടവും ഇതാണ്. ഇതുവഴി എയര്‍ കണ്ടീഷനിങിന് 30 ശതമാനം വരെ ഊര്‍ജ ഉപഭോഗം കുറക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.

കാമ്പസ് മുന്‍ ഡിജിപി ഹോര്‍മിസ് തരകന്‍ ഉദ്ഘാടനം ചെയ്തു. 2010ല്‍ 20ല്‍ താഴെ ജീവനക്കാരുമായി തുടങ്ങിയ കമ്പനിയില്‍ ഇന്ന് 250ലേറെ ജീവനക്കാരുണ്ട്. ഓട്ടോമേഷന്‍ ടെക്നോളജി രംഗത്ത് സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് യുഎസ് അടക്കം ആഗോള വിപണിയില്‍ ഇടംനേടിയ ക്ലേസിസ് ഇന്‍ഫോപാര്‍ക്ക് ഫേസ് ടുവിലാണ് സ്വന്തം കാമ്പസിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ചത്. ആഗോള ഐടി ഭീമന്മാരായ ഫെയ്സ്ബുക്ക്, ഡെലോയിറ്റ്, ജെ പി മോര്‍ഗന്‍ ചെയ്സ് തുടങ്ങിയ ഫോര്‍ച്യൂണ്‍ 500 പട്ടികയിലെ കമ്പനികള്‍ ക്ലേസിസിന്റെ ഇടപാടുകാരാണ്.

ഇന്‍ഫോപാര്‍ക്കിലെ ക്ലേസിസിന്റെ പുതിയ കാമ്പസ് വലിയ നാഴികക്കല്ലാണെന്ന് കേരള ഐടി പാര്‍ക്സ് സിഇഒ ശശി പി.എം പറഞ്ഞു. ‘കാമ്പസ് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 3000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കമ്പനിയുടെ വളര്‍ച്ചയും വിജയവും കേരളത്തിലെ ഐടി മേഖലയുടേയും ഇന്‍ഫോപാര്‍ക്കിന്റെയും വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടാണ്. ഇന്‍ഫോപാര്‍ക്കില്‍ നിന്നു കൊണ്ടു തന്നെ ആഗോള തലത്തില്‍ വളരാന്‍ കഴിയുമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്,’ അദ്ദേഹം പറഞ്ഞു.

ഇന്‍ഫോപാര്‍ക്കില്‍ ഫേസ് ടു കാമ്പസ് പണി പൂര്‍ത്തിയായി വരികയാണ്. കോഗ്‌നിസന്റ്, ട്രാന്‍സ് ഏഷ്യ, കാസ്പിയന്‍ ടെക്പാര്‍ക്ക്സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഷോപ്പിങ് മാള്‍, ഹോട്ടലുകള്‍, മള്‍ട്ടിപ്ലക്സുകള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

‘ജോലി ചെയ്യുന്നതോടൊപ്പം വിശ്രമത്തിനും വിനോദത്തിനും മതിയായ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയാണ് ക്ലേസിസ് കാമ്പസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ലയന്റുകള്‍ക്കു വേണ്ടി ദിവസം പലസമയങ്ങളിലായി ജോലി ചെയ്യുന്ന ജീവനക്കാരാണ് ഇവിടെ ഉള്ളത്. ഇവരുടെ ജോലി-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്,’ ക്ലേസിസ് ടെക്നോളജീസ് മാനേജിങ് ഡയറക്ടര്‍ വിനോദ് തരകന്‍ പറഞ്ഞു.

Comments are closed.