News in its shortest

മേയ് മാസത്തിനുള്ളില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കാത്ത്‌ലാബ് ഒരുക്കും

തൃശൂര്‍ ജനറല്‍ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഉന്നതതലയോഗം ചേര്‍ന്നു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

മേയ് മാസത്തിനുള്ളില്‍ ജനറല്‍ ആശുപത്രിയില്‍ കാത്ത്‌ലാബ് ഒരുക്കുമെന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 6 മാസത്തിനുള്ളില്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി ഫണ്ട് ലഭ്യമാക്കും. ഒപി വെയ്റ്റിംഗ് റൂം, ബ്ലഡ് ബാങ്ക് സെപ്പറേഷന്‍, കാഷ്വാലിറ്റിയുടെ വികസനം എന്നീ പ്രവര്‍ത്തികള്‍ ആശുപത്രി വികസനത്തില്‍ ഉള്‍പ്പെടുത്തും. അനസ്‌തേഷിസ്റ്റ് ഉള്‍പ്പടെ ആവശ്യമായ സ്റ്റാഫിനെ നിയമിക്കും. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി യൂണിറ്റുകള്‍ ആശുപത്രിയില്‍ സജ്ജീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിലെ വിവിധ വകുപ്പ് തലവന്‍മാരുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും അത് പരിശോധിച്ച് മേല്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. ഡെപ്യൂട്ടേഷനില്‍ പോയ ജീവനക്കാരെ തിരികെ കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി.

7.25 കോടിരൂപ വനിതകളുടെയും കുട്ടികളുടെയും വാര്‍ഡിന്റെ വികസനത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. 9.25 കോടി രൂപ ആശുപത്രി വികസനത്തിന്റെ രണ്ടാംഘട്ടത്തിന് അനുവദിച്ചു. ആശുപത്രി വികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ സമര്‍പ്പിക്കും. ഓപ്പറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും രോഗികള്‍ക്ക് ഓപ്പറേഷന്‍ നടത്തുന്നതിനാവശ്യമായ പരമാവധി സൗകര്യം എര്‍പ്പെടുത്തണമെന്നും തീരുമാനമെടുത്തു.

മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീന, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.എല്‍. റോസി, ഡി.എം.ഒ. ഇന്‍ചാര്‍ജ് ബേബിലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.