News in its shortest

വേനലിൽ കുളിരേകാൻ കശുമാങ്ങ സോഡാ; വികസിപ്പിച്ചത് കശുമാവ് ഗവേഷണ കേന്ദ്രം

വേനലിൽ കുളിരേകാൻ ഇനി രുചിയാർന്ന കശുമാങ്ങ സോഡയും. തൃശൂർ മടക്കത്തറയിലുള്ള കശുമാവ് ഗവേഷണ കേന്ദ്രത്തിലാണ് ഈ സോഡാ വികസിപ്പിച്ചെടുത്തത്.

മറ്റേത് പഴങ്ങളെ പോലെയും പോഷക സമ്പന്നമാണ് കശുമാങ്ങയും. പക്ഷെ കറയുള്ളത് കൊണ്ട് അധികം ആരും ഇത് കഴിക്കാറില്ല. എന്നാൽ മടക്കത്തറ കാശുമാവ് ഗവേഷണ കേന്ദ്രത്തിൽ കശുമാങ്ങയുടെ കറ കളഞ്ഞ് അതിൽ നിന്നും വളരെ രുചിയേറിയ ഒട്ടേറെ വിഭവങ്ങൾ തയ്യാറാക്കുന്നുണ്ട്. അതിൽ താരമാണ് ഈ പാനീയം. കശുമാങ്ങ ശേഖരിച്ച് കഴുകി വൃത്തിയാക്കി കൈകൊണ്ടോ മെഷീനിൽ പിഴിഞ്ഞ് പഴച്ചാർ ശേഖരിക്കുന്നു.

ഇങ്ങനെ ശേഖരിച്ച പഴച്ചാറിൽ കഞ്ഞിവെള്ളം ഒഴിച്ചോ, ചവ്വരി കുറുക്കി ചേർത്തോ മാങ്ങയുടെ ചവർപ്പ് മാറ്റും. ഇതിനായി 1 കിലോ പഴച്ചാറിലേക്ക് 5 ഗ്രാം പൊടിച്ച ചവ്വരി കുറച്ച് വെള്ളത്തിൽ കുറുക്കി തണുപ്പിച്ച് ഒഴിച്ച് നന്നായി ഇളക്കും ചവർപ്പിന് കാരണമായ ടാനിൻ താഴെ അടിഞ്ഞു കൂടും. തെളിഞ്ഞ നിറമില്ലാത്ത നീര് മുകളിൽ നിന്നും ഊറ്റിയെടുക്കും. ഇതിൽ ആവശ്യമായ പ്രിസർവേറ്റീവ്സ് ചേർത്ത് ഏറെകാലം സൂക്ഷിച്ചുവെയ്ക്കാം. ഈ തെളിഞ്ഞ നീരിൽ ഇരട്ടി അളവിൽ പഞ്ചസാര ചേർത്ത് സിറപ്പാക്കി മാറ്റും.

ഈ സിറപ്പ് ഒരു വർഷം വരെ കേടു കൂടാതെ ഇരിക്കും. ഈ സിറപ്പിൽ കാർബണേറ്റഡ് വെള്ളം ചേർത്താൽ രുചിയുള്ള കശുമാങ്ങ സോഡയാകും. ഇതിനുള്ള സാങ്കേതിക വിദ്യ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. കശുമാങ്ങയുടെ വിളവെടുപ്പ് കാലം നവംബർ മുതൽ ഏപ്രിൽ വരെയാണെങ്കിലും വർഷം മുഴുവൻ സംഭരിച്ചു വെക്കാനുള്ള സാങ്കേതിക വിദ്യ ഇന്നുണ്ട്.

അതിനാൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനും വിപണനം ചെയ്യാനും ആകുമെന്ന മേന്മയുമുണ്ട്. കശുമാങ്ങയുടെ നീരിലും പൾപ്പിലും മറ്റു പഴ ചാറുകളോ, പൾപ്പുകളോ ചേർത്ത് ഒട്ടേറെ രുചിഭേദങ്ങൾ തയ്യാറാക്കാം. ഈ ഗവേഷണ കേന്ദ്രത്തിൽ കശുമാങ്ങ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം വ്യക്തികൾക്കും സംരംഭകർക്കും നൽകി വരുന്നതായി മടക്കത്തറ ഗവേഷണ കേന്ദ്രം മേധാവി ഡോ ജലജ എസ് മേനോൻ അറിയിച്ചു.

Comments are closed.