News in its shortest

എന്താണ് കാര്‍ബണ്‍ ന്യൂട്രല്‍? കാര്‍ബണ്‍ പാദമുദ്ര വില്‍ക്കാന്‍ പറ്റുമോ?

ഡോ സി ജോര്‍ജ് തോമസ്‌

എന്റെ ഒരു സുഹൃത്ത് കാർബൺ ന്യൂട്രലിനെ കുറിച്ച് എഴുതണമെന്ന് ആവശ്യപ്പെട്ടതു കൊണ്ടാണ് ഇപ്പോൾ ഇതിടുന്നത്. മുമ്പ് എഴുതിയിട്ടുള്ളതാണ്, പക്ഷേ, കുറച്ചു കൂടി വ്യക്തത വരുത്താൻ ശ്രമിച്ചിട്ടുണ്ട്.

ആദ്യം നെറ്റ് സീറോയെക്കുറിച്ച് പറയാം. മനുഷ്യൻ ഉല്പാദിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ (കാർബൺ ഡൈ ഓക്സൈഡ്, മീതയിൻ, നൈട്രസ് ഓക്‌സൈഡ്) പുറന്തള്ളൽ കുറച്ചു കൊണ്ട് വന്ന് അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്ന തുലനാവസ്ഥയിൽ എത്തിക്കുക എന്നതാണ് ‘നെറ്റ് സീറോ കാർബൺ എമിഷൻ’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. “നെറ്റ് സീറോ”എന്നതു കൊണ്ട് ഒരു രാജ്യം അതിന്റെ കാർബൺ എമിഷൻ പൂർണമായും അവസാനിപ്പിക്കും എന്നല്ല വിവക്ഷിക്കുന്നത്. മറിച്ച്, ഒരു രാജ്യത്തിന്റെ കാർബൺ എമിഷന്റെ ആഘാതം നികത്തുന്ന രീതിയിൽ അന്തരീക്ഷത്തിൽ നിന്ന് ഹരിതഗൃഹ വാതകങ്ങളുടെ ആഗിരണമോ നീക്കം ചെയ്യലോ സാധ്യമാകുന്ന അവസ്ഥയിലേക്കെത്തിക്കുക എന്നതാണ്.

“കാർബൺ ന്യൂട്രൽ” എന്ന പദവും നമ്മുടെ ഇടയിൽ പ്രചാരത്തിലുണ്ട്. “നെറ്റ് സീറോ” എന്ന അർത്ഥത്തിൽ തന്നെയാണ് ഇതും പ്രയോഗിക്കുന്നത്. ക്യോട്ടോ പ്രോട്ടോക്കോൾ കാലഘട്ടത്തിൽ വന്നതാണ് കാർബൺ ന്യൂട്രാലിറ്റി. കാർബൺ ന്യൂട്രൽ എന്ന പരിപാടി ചില മുതലാളിത്ത രാജ്യങ്ങൾക്ക് ഗുണകരമായിരുന്നു. ഞങ്ങൾ കാർബൺ തള്ളൽ തുടരും, നിങ്ങൾ എമിഷൻ കുറച്ചാൽ ഞങ്ങൾ പണം തരാം. അതായിരിന്നു പരിപാടി. Carbon offsetting ഇതിന്റെ ഭാഗമാണ്. കേരളത്തിന് AHADS പദ്ധതിയുടെ ഭാഗമായി 258 കോടി ധനസഹായം വന്നതു ജപ്പാന്റെ കാർബൺ ഓഫ്സെറ്റിങ്ങിന്റെ ഭാഗമായാണ് എന്ന കാര്യം ഓർക്കുക (ജപ്പാന്റെ കാർബൺ പാദമുദ്ര 8.4 ടണ്ണാണ്; ഇന്ത്യ 1.7 ടൺ ). Carbon credit കച്ചവടവും ഇതിൽ പെടും. പക്ഷേ, പാരിസ് ഉടമ്പടിയോടെ “കാർബൺ ന്യൂട്രൽ” എന്ന പ്രയോഗം അപ്രസക്തമായിരിക്കയാണ്. പുതിയ നിർദേശങ്ങൾ പ്രകാരം കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം!

kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode

ഹരിതഗൃഹ വാതകങ്ങളുടെ (GHGs) ഉൽസർജനം ‘ഓഫ്‌സെറ്റിംഗ്’ വഴി സന്തുലിതമാക്കിയാൽ കാർബൺ ന്യൂട്രാലിറ്റി ആകും. അതായത്, നിങ്ങൾ പുറത്ത് വിടുന്ന ഹരിത ഗൃഹ വാതകങ്ങൾക്കു (GHG)തത്തുല്യമായ അളവിൽ മറ്റൊരാളെക്കൊണ്ട്അന്തരീക്ഷത്തിൽ നിന്ന് GHG നീക്കം ചെയ്യിച്ചാലും നിങ്ങൾക്കു ‘കാർബൺ ന്യൂട്രൽ’ ആകാം! ഇത് ‘കാർബൺ ക്രെഡിറ്റുകൾ’ വാങ്ങുന്നതിലൂടെ നേടാവുന്നതെയുള്ളൂ! ഒരു മുതലാളിത്ത രാജ്യത്തിന് ഇത് എളുപ്പത്തിൽ ചെയ്യാൻ പറ്റും. അതായത്, അവർക്കു പഴയ രീതിയിൽ തന്നെ GHG തള്ളൽ തുടർന്ന് കൊണ്ട്, പകരമായി മറ്റേതെങ്കിലും രാജ്യങ്ങളെ കൊണ്ട് GHG കുറപ്പിക്കുന്ന പണി എടുപ്പിച്ചു അതിനു പണം കൊടുക്കാം. പണ്ടുള്ളതിനെക്കാൾ കൂടുതൽ GHG പുറത്ത് വിട്ടാലും കുഴപ്പമില്ല. കൂടുതൽ കാർബൺ ക്രഡിറ്റുകൾ വാങ്ങി കാർബൺ ന്യൂട്രൽ ആകാം!

മനസ്സിലാകുന്ന ഒരു ഉദാഹരണം പറയാം. നിങ്ങൾ ഒരു വർഷം കാർ യാത്ര നടത്തുന്നതിന് 1000 ലി. പെട്രോൾ ഉപയോഗിക്കുന്നുന്നുണ്ട് എന്നു കരുതുക. സാധാരണ ഗതിയിൽ പെട്രോൾ ഉപയോഗിച്ചുള്ള കാർ യാത്ര ഒഴിവാക്കിയാൽ നിങ്ങൾക്കു കാർബൺ ന്യൂട്രൽ ആകാം. നിങ്ങൾ അത് കുറയ്ക്കാൻ തയ്യാറല്ല, മറ്റൊരു രീതിയിൽ കാർബൺ ന്യൂട്രൽ ആകാൻ ശ്രമിക്കുന്നു. നിങ്ങൾ ഈ 1000 ലി. പെട്രോൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈഓക്സൈഡിന് തുല്യമായ അളവ് പെട്രോൾ ഉപയോഗം നിങ്ങളുടെ അയൽവാസിയെക്കൊണ്ട് കുറപ്പിച്ചു ( 1000 ലി. തന്നെ) പകരം അയാൾക്ക് പണം കൊടുക്കാൻ തീരുമാനിക്കുന്നു! നിങ്ങൾ കാർബൺ ന്യൂട്രൽ ആയി! അതായത്, കാർബൺ ന്യൂട്രാലിറ്റിക്കു മൊത്തത്തിലുള്ള ഹരിതഗൃഹ വാതക ഉൽസർജനം കുറയ്ക്കുന്നതിനുള്ള പ്രതിബദ്ധത ആവശ്യമില്ല. പണം കൊടുത്തു ശരിയാക്കാം!

‘നെറ്റ്സീറോ’ അങ്ങിനെയല്ല. അതിനൊരു പ്രതിബദ്ധത അവശ്യപ്പെടുന്നുണ്ട്. മുമ്പ് പറഞ്ഞ ഉദാഹരണം തന്നെ എടുക്കാം. മുതലാളി എത്ര ലിറ്റർ പെട്രോളിന്റെ ഉപയോഗമാണ് കുറയ്ക്കാൻ പോകുന്നതെന്ന് ആദ്യമേ തന്നെ പ്രഖ്യാപിക്കണം. 500 ലിറ്റർ പെട്രോൾ കുറയ്ക്കാൻ അയാൾ തീരുമാനിക്കുന്നുവെന്നു കരുതുക. പകരം അയാൾ നടക്കാനും സൈക്കിൾ ഉപയോഗിക്കാനും തുടങ്ങുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം അയാൾ കാർ ഉപയോഗിക്കുന്നു. എന്നിട്ടും നെറ്റ് സീറോ ആകുന്നില്ലെങ്കിൽ കാർബൺ ക്രെഡിറ്റുകൾ വാങ്ങുകയോ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യുന്ന പദ്ധതികളിൽ നിക്ഷേപിക്കുകയോ ചെയ്തു നെറ്റ് സീറോ ആകാം. ഈ രീതിയിൽ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, രാജ്യങ്ങൾക്കും നെറ്റ് സീറോ ആകാം! വെറുതെ പറഞ്ഞാൽ പോര, അതിനു നെറ്റ് സീറോ സർട്ടിഫിക്കേഷനും വരുന്നുണ്ട്!

കാർബൺ പാദമുദ്രയെക്കുറിച്ച് കൂടി (carbon footprint)അറിയണം. ഒരു രാജ്യമോ , സ്ഥാപനമോ, വ്യക്തിയോ എത്ര മാത്രം ഹരിത ഗ്രഹവാതകങ്ങൾക്കാണ് ഉത്തരവാദി എന്നു കണക്ക് കൂട്ടി കണ്ടു പിടിക്കാം. ലോകത്ത് ഏറ്റവുമധികം ഹരിത ഗ്രഹവാതകങ്ങൾ പുറന്തള്ളുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ചൈനയാണ്, 32 ശതമാനമാണ് അവരുടെ വിഹിതം. രണ്ടാം സ്ഥാനത്ത് അമേരിക്ക(12.6%), മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ് (7%). ഇന്ത്യക്ക് മൂന്നാം സ്ഥാനമോ എന്നു വിചാരിച്ച് വിഷമിക്കാൻ വരട്ടെ!

ഏറ്റവുമധികം ഹരിത ഗ്രഹവാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും ആളോഹരി കാർബൺ എമിഷനിൽ ( per capita)ഇന്ത്യയുടെ സ്ഥാനം 110 മാത്രമാണ് (1.74 ടൺ)! അതേ സമയം ആളോഹരി കാർബൺ പാദമുദ്രയിൽ അമേരിക്കയുടെ സ്ഥാനം 13 ഉം (13.68 ടൺ). ഇന്ത്യയുടെ എട്ട് ഇരട്ടി! ചൈനയുടെ സ്ഥാനം 28 ഉം ആണ് (8.2 ടൺ)! ലോക ശരാശരി (mean per capita) 4.4 ടൺ ആണ്. ലോക ശരാശരി പാദമുദ്ര 2 ടണ്ണിൽ തഴെ എത്തിക്കാനാണ് ഇപ്പോഴുള്ള ശ്രമം. ഭാരതം ഇപ്പോൾ തന്നെ ആളോഹരി കാർബൺ ഉൽസർജനത്തിന്റെ കാര്യത്തിൽ 2 ടണ്ണിൽ താഴെതന്നെയാണ് എന്ന കാര്യം മറന്നു കൂടാ!

അമേരിക്കയും ജപ്പാനുമൊക്കെ കാലങ്ങളായി ഒന്നും നോക്കാതെ ഹരിത ഗൃഹവാതകങ്ങൾ തള്ളിയാണ് “വികസിച്ചു” നിൽക്കുക്കുന്നത്. ഇന്ത്യ വികസനത്തിന്റെ പാതയിൽ ആയതേ ഉള്ളൂ. ഇപ്പോൾ തന്നെ കൽക്കരി വേണ്ട, പെട്രോള് വേണ്ട എന്നൊക്കെയുള്ള നിലപാടുകൾ എടുത്താൽ സാമ്പത്തിക പ്രശ്നങ്ങൾ ചെറുതൊന്നുമായിരിക്കില്ല. പക്ഷേ, ഇത്രയധികം ജനങ്ങളുള്ളത് കൊണ്ടുള്ള മൂന്നാമത്തെ പൊല്യൂട്ടർ എന്ന ചീത്തപ്പേരു കാരണം ചിലതൊക്കെ ചെയ്തേ പറ്റൂ. ആ ഉത്തരവാദിത്തം ഏറ്റാണു 2070 ൽ നെറ്റ് സീറോ ആകാം എന്നു സമ്മതിച്ചത്. ചൈന 2060 ഉം സമ്മതിച്ചിട്ടുണ്ട്. അതായത്, കൽക്കരി, പെട്രോളീയം ഇവയൊക്കെ കുറച്ചു കൊണ്ട്, പകരം, സോളാർ, കാറ്റ് , ന്യൂക്ലിയർ,ഹൈഡ്രജൻ ഇന്ധനങ്ങളിലേക്ക് മാറണം. വ്യക്തികളുടെ ജീവിത ശൈലയിലും മാറ്റങ്ങൾ വരുത്തണം. ഇന്ത്യ 2030 ഓടെ ഹരിത ഇന്ധന ശേഷി 500 GW ആയി വർദ്ധിപ്പിക്കും എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു (ഇപ്പോഴത്തെ ശേഷി 157GW). ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങൾ കേരളത്തിലും എത്തിക്കഴിഞ്ഞു. ഇപ്പോൾ വിലകൂടുതലാണെങ്കിലും വില കുറഞ്ഞു വരുമെന്ന കാര്യം ഉറപ്പാണ്.

എന്താണ് കാര്‍ബണ്‍ ന്യൂട്രല്‍? കാര്‍ബണ്‍ പാദമുദ്ര വില്‍ക്കാന്‍ പറ്റുമോ?

80%
Awesome
  • Design