News in its shortest

കീരിക്കാടന്‍ ചത്തേയെന്ന് ആര്‍പ്പുവിളിക്കുന്ന പ്രതിപക്ഷം വായിച്ചറിയാന്‍

പ്രമോദ് പുഴങ്കര

സ്വന്തം നാട്ടിലെ കോവിഡ് പ്രതിരോധ മാതൃക വെല്ലുവിളി നേരിടുന്നു എന്ന വാർത്ത ബി ബി സിയിൽ വന്നേ എന്ന് പറഞ്ഞു ആഹ്ളാദിക്കുന്ന ഒരു കൂട്ടം പ്രതിപക്ഷം ലോകത്തിൽത്തന്നെ അപൂർവമാകും. ഏതാണ്ട് കീരിക്കാടൻ ചത്തേ എന്ന മട്ടിലാണ് ആർപ്പുവിളി.

കേരളത്തിന്റെ കോവിഡ് പ്രതിരോധ മാതൃകക്ക് നൽകിയ കയ്യടി അസമയത്തായിരുന്നു എന്ന വാദം തന്നെ തെറ്റാണ്. കോവിഡ് വ്യാപനത്തിന്റെ ഒരു സവിശേഷ ഘട്ടത്തിൽ ലഭ്യമായ സ്രോതസ്സുകൾ ഉപയോഗിച്ചുകൊണ്ട് രോഗവ്യാപനത്തെ വലിയ തോതിൽ ചെറുക്കാനായി എന്നതാണ് കേരളം ഉണ്ടാക്കിയ നേട്ടം.

അതിനായി സംസ്ഥാനം ഉപയോഗിച്ച Social Tools ആണ് ആ മാതൃകക്ക് സവിശേഷ സ്വഭാവം ഉണ്ടാക്കിക്കൊടുത്തത്. പഞ്ചായത്ത്തലം മുതലുള്ള തെരഞ്ഞെടുത്ത ജനസമിതികളുടെ പങ്കാളിത്തം, ആരോഗ്യരംഗത്തെ പൊതുസംവിധാനങ്ങളുടെ പരിമിതികളെ നേരിട്ടുള്ള ഇടപെടൽ, താരതമ്യേന മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസ നിലവാരമുള്ള ജനത കാണിച്ച ആരോഗ്യസുരക്ഷാബോധം, വളരെ നേരത്തെത്തന്നെ മഹാമാരിയുടെ വരവ് സാധ്യതയെക്കുറിച്ച് ജാഗ്രതയോടിരുന്ന സംസ്ഥാന സർക്കാർ എന്നിങ്ങനെയുള്ള പലതുമാണ് ഈ സാമൂഹ്യായുധങ്ങൾ. ഇവയാകട്ടെ ആഭ്യന്തര വരുമാനവും, വ്യാവസായിക ഉത്പാദനവും തീർത്തും പരിതാപകാരവും, കാർഷിക മേഖല ദ്രുതഗതിയിൽ അളവിലും ഗുണത്തിലും പിന്നാക്കം പോവുകയും ഭക്ഷ്യസുരക്ഷിതത്വം പരാശ്രിതമാവുകയും, എല്ലാ തരത്തിലുമുള്ള കടങ്ങളും പെരുകുകയും ചെയ്യുന്നൊരു സംസ്ഥാനം അതിന്റെ സാമൂഹ്യ-രാഷ്ട്രീയ സമരങ്ങളുടെ ചരിത്രപശ്ചാത്തലത്തിൽ ആർജ്ജിച്ച, ഭൗതികസമ്പത്തുമായി തട്ടിച്ചാൽ ആനുപാതികമല്ലാത്ത മാനവ ജീവിത സൂചികകളുടെ നേട്ടങ്ങളുമായാണ് ഈ പ്രതിരോധത്തെ ചേർത്തുകാണേണ്ടത്.

അതുതന്നെയാണ് ആ മാതൃകയെ വ്യത്യസ്തമാക്കിയതും. അതിനായിരുന്നു പ്രശംസ. കോവിഡ് കേരളത്തിൽ ഇനി പടരില്ല എന്ന് വിശ്വസിച്ചാണ് ആരെങ്കിലും പ്രശംസിച്ചതെങ്കിൽ അതവരുടെ സാമൂഹ്യ-ശാസ്ത്രീയ വിശകലനത്തിന്റെ പരിമിതി മാത്രമാണ്. സ്രോതസ്സുകളിൽ വെച്ചുതന്നെ കോവിഡ് ബാധയെ തിരിച്ചറിയുകയും രോഗികളെ ആരോഗ്യ പരിരക്ഷയിലാക്കുകയും ചെയ്യുന്ന സംവിധാനവും രോഗബാധിതരുടെ യാത്രാ വഴികൾ തിരിച്ചറിയലുമൊക്കെ ഇതിന്റെ ഭാഗമായിരുന്നു.

അതൊരു ഘട്ടമാണ്. ആ ഘട്ടത്തിലെ നിയന്ത്രണ രീതിയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കുള്ള യാത്ര വിലക്കുകൾ നീക്കുകയും വിദേശ മലയാളികളുടെ നാട്ടിലേക്കുള്ള വരവ് തുടങ്ങുകയും ചെയ്യുന്നതുവരെ ഈ മാതൃക വലിയ തോതിൽ വിജയകരം തന്നെയായിരുന്നു എന്ന് കണക്കുകൾ നോക്കിയാലറിയാം. എന്നാൽ ഇത് മഹാമാരിയുടെ വ്യാപനത്തിന്റെ എല്ലാ ഘട്ടത്തിലും പ്രായോഗികമായ ഒന്നല്ല. രോഗികളുടെ എണ്ണം വലിയ തോതിൽ പെരുകുമ്പോൾ വ്യക്തികേന്ദ്രീകൃതമായ ആരോഗ്യപരിരക്ഷ സമ്പ്രദായത്തിൽ നിന്നും ഓരോ പ്രദേശങ്ങളെയും ചെറിയ ഭാഗങ്ങളായി തിരിച്ചുകൊണ്ടുള്ള മേൽനോട്ടത്തിലേക്കും നിയന്ത്രണത്തിലേക്കും കടക്കേണ്ടിവരും.

സ്വന്തം നാട്ടിലെ കോവിഡ് പ്രതിരോധ മാതൃക വെല്ലുവിളി നേരിടുന്നു എന്ന വാർത്ത ബി ബി സിയിൽ വന്നേ എന്ന് പറഞ്ഞു ആഹ്ളാദിക്കുന്ന…

Gepostet von Pramod Puzhankara am Dienstag, 21. Juli 2020

പ്രവാസികളുടെ സ്വാഭാവികമായ വരവ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ ഒന്നാം ഘട്ടത്തിന്റെയും ആദ്യ മാതൃകയുടെയും അവസാനത്തിന്റെ തുടക്കമായിരുന്നു. മെയ് ആദ്യവാരത്തിൽ മടങ്ങിവന്ന വിദേശ മലയാളികളിൽ നൂറിലൊരാൾക്ക് എന്ന തോതിൽ കോവിഡ് ബാധയുണ്ടായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെ രോഗബാധയുടെ തോത് ഇതിലും കുറവായിരുന്നു.

ഇത് ഇരുപത്, മുപ്പത് എന്ന നിലയിലെ പ്രതിദിന രോഗബാധയെ നൂറിന് മുകളിലേക്ക് ഒറ്റയടിക്ക് എത്തിച്ചു. സ്വാഭാവികമായും സമ്പർക്ക രോഗബാധ കൂടിത്തുടങ്ങി. യാതൊരു ശാസ്ത്രീയതയുമില്ലാതെ, ഒറ്റരാത്രി നടപ്പാക്കിയ കേന്ദ്ര സർക്കാരിന്റെ lockdown അതെ അശാസ്ത്രീയതയോടെ ഒഴിവാക്കുകയും അന്തഃസംസ്ഥാന യാത്രകൾക്ക് നൽകിയ അനുമതി, വളരെ എളുപ്പം കടക്കാവുന്ന അതിർത്തികളിൽ രോഗബാധിതരുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളിയാവുകയും ചെയ്തു.

ആരോഗ്യരംഗത്തെ പ്രാഥമിക സംവിധാനങ്ങൾ പരമാവധി ഉപയോഗിച്ച് നേടിയ ആദ്യഘട്ട വിജയത്തെ ആവർത്തിക്കാൻ വലിയ തോതിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ള പുതിയ വ്യാപന ഘട്ടത്തിൽ സാധ്യമല്ല. വലിയ തോതിൽ ആശുപത്രി കിടക്കകളും ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുമുള്ള വികസിത രാജ്യങ്ങൾക്കു പോലും അതിനു കഴിഞ്ഞിട്ടില്ല.

മഹാമാരിയുടെ വ്യാപനവും ചികിത്‌സയും രണ്ടു വ്യത്യസ്ത strategies ആണ് ആവശ്യപ്പെടുന്നത്. കേരളത്തിന് ഇപ്പോഴും ചെയ്യാനാകുന്നത് രോഗവ്യാപനത്തെ പരമാവധി ഒതുക്കിനിർത്തുക -localise and restrain the community spread -എന്നതാണ്. ഇനി ആദ്യഘട്ടത്തിലെ മാതൃക നേരിട്ട വെല്ലുവിളികളുടെ സാമൂഹ്യവശം നോക്കാം. ആദ്യഘട്ടത്തിലെ ‘കേരള മാതൃകയുടെ’ ആഗോള സ്വീകാര്യതയോട് തികച്ചും അസഹിഷ്ണുതയുടെയും കൊതിക്കുറവോടെയുമാണ് കേരളത്തിലെ പ്രതിപക്ഷം പ്രതികരിച്ചത്.

ആരോഗ്യമന്ത്രിക്കെതിരെ sexist പരാമർശങ്ങളും വെറും നിസാര തർക്കങ്ങളുമായിരുന്നു ആ ഘട്ടത്തിൽ പ്രതിപക്ഷം ഉപയോഗിച്ചത്. പ്രവാസികളുടെ വരവ് കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനത്തിനുണ്ടാക്കുന്ന വെല്ലുവിളിയെക്കുറിച്ച് തികച്ചും ബോധവാന്മാരായിരുന്ന പ്രതിപക്ഷം പ്രവാസി വരവിലെ രോഗബാധയുടെ സാധ്യതകളെ കുറക്കാനുള്ള എല്ലാ ശ്രമങ്ങളേയും ‘പ്രവാസി രക്ഷകരായി’ അവതരിച്ചുകൊണ്ട് മുട്ടിനുമുട്ടിനു എതിർത്തു.

പ്രവാസി വിരുദ്ധത എന്ന ആരോപണത്തിന്റെ രാഷ്ട്രീയ വിപത്തുകൾ അറിയാവുന്ന സർക്കാരിന് അധികമൊന്നും പിന്നെ ചെയ്യാനില്ലായിരുന്നു. കേന്ദ്ര സർക്കാർ പരമാവധി പണം യാത്രാക്കൂലിയിൽ തട്ടിയെടുക്കുക എന്നതൊഴിച്ചാൽ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ഒരു തരത്തിലും സംഭാവന നൽകാത്ത പിടിപ്പുകേടാണ് കാണിച്ചത്.

പ്രവാസി വരവിൽ സ്വീകരിക്കേണ്ട സാമൂഹ്യമായ, കൂട്ടായ ജാഗ്രതക്കു പകരം അതിനെ തികച്ചും കക്ഷിരാഷ്ട്രീയ മുതലെടുപ്പാക്കിയതോടെ കോവിഡ് പ്രതിരോധത്തിന്റെ സാമൂഹ്യ ജാഗ്രതയിൽ വലിയ വിള്ളൽ വീണു. ജനവും സർക്കാരും തമ്മിലുള്ള ഒരു പ്രശ്നമാക്കി രോഗബാധയെ മാറ്റാനായിരുന്നു ശ്രമം. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്നീടുള്ള പല നടപടികളിലും ആദ്യ മാതൃകയുടെ പരാജയമാണോ ഇനി നേരിടേണ്ടിവരിക എന്ന ആശങ്ക ഉള്ളപോലെയായിരുന്നു എന്നുകൂടിയുണ്ട്.

ആദ്യഘട്ടത്തിൽ തന്നെ പോലീസിനെ ഉപയോഗിച്ചുകൊണ്ടുള്ള മർദനവും കോവിഡ് ബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും സാമൂഹ്യശത്രുക്കൾ എന്ന മട്ടിൽ കാണുന്ന പലയിടത്തെയും സമീപനവുമെല്ലാം ആളുകളെ രോഗബാധയെയും അതിന്റെ സാധ്യതയേയും മറച്ചുവെക്കാനുള്ള പ്രവണതയിലേക്കു നയിച്ചിട്ടുണ്ട്. പൂന്തുറയിൽ ഒറ്റ രാത്രികൊണ്ട് നടപ്പാക്കിയ lockdown ഉം കമാൻഡോ മാർച്ചുമെല്ലാം സാമൂഹ്യപ്രതിരോധത്തിൽ ജനങ്ങളെ സജീവമായി പങ്കാളികളാക്കുന്നതിൽ വന്ന വീഴ്ചയാണ്.

മഹാമാരിയോടുള്ള പ്രതിരോധം ഒരു ആരോഗ്യപരിരക്ഷ പ്രവർത്തനമാണ്. അത് ഒരിക്കലും പൊലീസ് വഴിക്കു നടപ്പാക്കേണ്ട ഒന്നല്ല. ഇക്കാലയളവിലെല്ലാം വ്യാജ പ്രചാരണങ്ങളും വെറും നാടകങ്ങൾ മാത്രമായ സമരങ്ങളുമായി പ്രതിപക്ഷം കോവിഡ് പ്രതിരോധത്തിന്റെ സാമൂഹ്യജാഗ്രതയെ നിസ്സാരവത്കരിക്കുകയും തകർക്കുകയുമായിരുന്നു. Mask വലിച്ചെറിഞ്ഞു BJP സമരം ചെയ്യുമെന്നാണ് അവരുടെ വക്താവെന്ന സാമൂഹ്യദ്രോഹി ശിവശങ്കർ പരസ്യമായി ഞാൻ കൂടി പങ്കെടുത്ത ഒരു ടെലിവിഷൻ ചർച്ചയിൽ ഉറഞ്ഞു തുള്ളിയത്.

ഇത്രയും ദുർഗന്ധപൂരിതമായ രാഷ്ട്രീയഭാസം ഒരു ജനതയുടെ ജീവിതത്തിന്റെ ചെലവിലാണ് എന്നതാണ് ലജ്‌ജാകരമായ സംഗതി. മനുഷ്യൻ ഒരു സമൂഹമായി ജീവിക്കുന്നതോടെ നാഗരികതയുടെ ചരിത്രം എന്നത് അന്തമില്ലാത്ത യാത്രയാണ്. യാത്ര ചെയ്യാതിരുന്ന, വെറുതെയിരിക്കുന്ന, മാനം നോക്കിയിരിക്കുന്ന, നാളെയുടെ പകലുകളുടെ ഗതിവിഗതികളെക്കുറിച്ച് അജ്ഞാതനായിരിക്കുന്ന ഒരു മനുഷ്യൻ ഓരോ ദിവസവും ഇല്ലാതായിക്കഴിഞ്ഞു.

അതുകൊണ്ടുതന്നെ ഏതു വലിയ മഹാമാരിയിലും മനുഷ്യന്റെ അന്തഃചോദന എന്നത് പുറത്തിറങ്ങാനായിരിക്കും. അതിനെ മറികടക്കേണ്ടത് സാമൂഹ്യമായ ഉത്തരവാദിത്തത്തിലൂടെയാണ്. ആ ബോധം പൗര-രാഷ്ട്രീയ സമൂഹം ഉണ്ടാക്കേണ്ടതാണ്. അതിനു മോദി ചെയ്ത പോലെ പട്ടിണിജാഥയുടെ നിഴലുകളിൽ ദീപം തെളിയിച്ചാലും തപ്പുകൊട്ടിയാലും മതിയാകില്ല. അത്തരത്തിലുള്ള ജീവിതപ്രശ്നങ്ങൾക്കു കൂടി പരിഹാരം കണ്ടെത്താനുള്ള സാമൂഹ്യമായ ചർച്ചകൾക്കും നടപടികൾക്കും പകരം കേരളത്തിന്റെ പൗര -രാഷ്ട്രീയ സമൂഹം കൈകൾ കൊട്ടി ആർപ്പുവിളിച്ചുകൊണ്ട് സ്വന്തം പരാജയത്തെ ആഘോഷിക്കുകയാണ്. രാഷ്ട്രീയം ഒരു തൊഴിലായി തെരഞ്ഞെടുത്ത, അതായിരുന്നില്ല പ്രവർത്തന മേഖലയെങ്കിൽ ഒരു മുദ്രയും അവശേഷിപ്പിക്കാനാകാതെ കേവലാശ്ലീങ്ങളോ സാമൂഹ്യദ്രോഹികളോ ഒക്കെയായി മാറുമായിരുന്ന, യാതൊരു വിധ ശാസ്ത്രീയ ധാരണയുമില്ലാത്ത ഒരുകൂട്ടം അധോമുഖരാണ് കേരളത്തിലെ രാഷ്ട്രീയനേതൃത്വം എന്നത് വാസ്തവമായി വരികയാണ്.

അതാകട്ടെ കേരളീയ സമൂഹത്തിന്റെ പ്രതിഫലനവും ഉത്പ്പന്നവുമാണ് താനും. അപഭ്രംശങ്ങളില്ലാത്ത യാത്രയാണ് കാലമെന്ന് ധരിക്കുമ്പോൾ ആകസ്മികമായുണ്ടാകുന്ന വിച്ഛിന്നതിയിലാണ് മനുഷ്യർ അസ്തിത്വത്തിന്റെ നിസ്സാരതകളെക്കുറിച്ച് വ്യാകുലരാകുന്നത്. യാത്രയുടെ ചക്രങ്ങൾ അജൈവമായ മണ്ണിലെവിടെയോ പൂണ്ടുപോയിട്ടും തങ്ങൾ കുതിച്ചുപായുകയാണെന്ന വിഭ്രമം പേറുന്ന മനുഷ്യർക്ക് സന്ദേഹങ്ങളില്ല. ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന് ഈ അലസതയുടെ വ്യാജരഥത്തിൽ വിശ്രമിക്കാനാകില്ല. സൂക്ഷ്മരോഗാണു ബാധിച്ച ശരീരം പോലെ മരണാസന്നമാണ് പരസ്പരം തിന്നുതീരുന്ന സാമൂഹ്യശരീരവും.

Comments are closed.