News in its shortest

മഹീന്ദ്രയുടെ കാന്റീനുകളില്‍ പ്ലേറ്റുകള്‍ പുറത്ത്, ഇനി വാഴയില

രാജ്യം ലോക്ക് ഡൗണില്‍ ആയിരിക്കുമ്പോള്‍ ഒരു സുസ്ഥിര മാതൃകയുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. വാഹന വമ്പനായ മഹീന്ദ്ര ഗ്രൂപ്പിന്റെ ഫാക്ടറികളുടെ കാന്റീനുകളില്‍ ഇനി ഭക്ഷണം പ്ലേറ്റുകള്‍ക്ക് പകരം വാഴയിലയില്‍ വിളമ്പും.

വിരമിച്ച മാധ്യമ പ്രവര്‍ത്തകയായ പദ്മ റാംനാഥിന്റെ ഒരു ഇമെയില്‍ സന്ദേശത്തിലൂടെയാണ് എല്ലാറ്റിന്റേയും ആരംഭം. കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഷ്ടപ്പെടുന്ന വാഴക്കര്‍ഷരുടെ സഹായിക്കുന്നതിനുള്ള ആശയവുമായിട്ടാണ് പദ്മയുടെ ഇമെയില്‍ ആനന്ദ് മഹീന്ദ്രയുടെ ഇന്‍ബോക്‌സിലെത്തിയത്. പ്ലേറ്റുകള്‍ക്ക് പകരം വാഴയില ഉപയോഗിച്ചാല്‍ അത് കര്‍ഷകര്‍ക്ക് ഉപകാരപ്പെടുമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.

തന്റെ ഫാക്ടറികളിലെ ജീവനക്കാര്‍ ഉടന്‍ തന്നെ ഈ ആശയം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങുകയും കാന്റീനുകളില്‍ വാഴയിലയില്‍ ആഹാരം വിളമ്പി തുടങ്ങുകയും ചെയ്തു.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ലോകത്തെ അറിയിച്ചത്. തൊഴിലാളികള്‍ വാഴയിലയില്‍ ആഹാരം കഴിക്കുന്നതിന്റെ ചിത്രങ്ങളും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് വ്യാപനം മൂലം ലോക്ക്ഡൗണിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കഷ്ടപ്പെടുകയാണ്. ചെറുകിട ബിസിനസ്സുകള്‍ നശിക്കുന്നു. നിരവധി പേര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോഴാണ് കര്‍ഷകര്‍ക്കും ഇലക്കച്ചവടക്കാര്‍ക്കും ആനന്ദിന്റെ ഒരുകൈ സഹായമെത്തിയത്.

Comments are closed.