News in its shortest

അനബസ് മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുൽപാദനം വിജയം: നേട്ടം കൈവരിച്ച് പീച്ചി ഫിഷ് സീഡ് ഹാച്ചറി

ഗവ.ഫിഷ് സീഡ് ഹാച്ചറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ അനബസ് മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുൽപാദനം വിജയം കണ്ടു. കേരളത്തിൽ സാധാരണയായി ഈ ഇനം മത്സ്യങ്ങൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ വിത്തുൽപാദനം വിജയിച്ചിരുന്നില്ല.  കൽക്കട്ട, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് അനബസ് മത്സ്യങ്ങൾ എത്തിച്ചിരുന്നത്. എന്നാൽ കാർപ്പ് മത്സ്യങ്ങളുടെ വിത്തുൽപാദനം പോലെ ഇതും സാധ്യമാണെന്ന് പീച്ചി ഹാച്ചറിയിൽ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞിരിക്കുകയാണ്. 

പീച്ചി റിസർവോയറിലെ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1969 ലാണ് സബ് ഇൻസ്‌പെക്ടർ ഓഫ് ഫിഷറീസ് കാര്യാലയം പീച്ചിയിൽ സ്ഥാപിക്കുന്നത്.  പീന്നീട് 1992-98 കാലയളവിൽ ഇൻഡോ ജർമൻ പ്രോജക്ടിന്റെ ഭാഗമായി ചെറിയ രീതിയിൽ ഇന്ത്യൻ മേജർ കാർപ്പ് മത്സ്യങ്ങളുടെ പ്രജനനം ഇവിടെ ആരംഭിച്ചെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ നിലച്ചു. കാലപ്പഴക്കം മൂലം നിലവിലുണ്ടായിരുന്ന കെട്ടിടവും ടാങ്കുകളും ഉപയോഗശൂന്യമാവുകയും ചെയ്തു. 2014 ൽ തൃശൂർ ഫിഷറീസിന്റെ നിരന്തരമായ ആവശ്യപ്രകാരം സംസ്ഥാനത്തെ ശുദ്ധജല മത്സ്യങ്ങളുടെ ആവശ്യം നിറവേറ്റാൻ 284 ലക്ഷം രൂപ ചെലവിൽ മൾട്ടി സ്പീഷ്യസ് ഫിൻ ഫിഷ് ഹാച്ചറി എന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.

  2015 മെയ് മാസത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തൃശൂർ നിർമ്മിതി കേന്ദ്രയ്ക്കായിരുന്നു നിർമാണച്ചുമതല. തുടർന്ന് വിവിധ ഘട്ടങ്ങളിലായി നാല് പദ്ധതികൾക്കു കൂടി അനുമതി ലഭിച്ചു. ഇതോടെ ഫിഷറീസ് വകുപ്പിന് കീഴിൽ രണ്ടു ബ്ലോക്കുകളിലായി കിടന്നിരുന്ന 6 ഏക്കർ പ്രദേശത്ത് പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. 3.4 ഏക്കർ സ്ഥലത്തെ ആദ്യ ബ്ലോക്കിന്റെ 95 ശതമാനം പണികളും പൂർത്തീകരിച്ചിട്ടുണ്ട്.  2015 മെയ്മാസം മുതൽ മത്സ്യങ്ങളുടെ പ്രജനനം ഇവിടെ ആരംഭിക്കുകയും 2016 ജൂലൈ മുതൽ മത്സ്യ കർഷകർക്ക് ഇവിടെ നിന്നും മത്സ്യ വിത്തുകൾ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇതോടെ കേരളത്തിലെ നമ്പർ വൺ ഹാച്ചറിയായി പീച്ചിയിലെ ഗവ. ഫിഷ് സീഡ് ഹാച്ചറി പേരെടുത്തു. 

കാർപ്പ്, നാടൻ മത്സ്യ ഇനങ്ങളായ കടു, മുഷി, വരാൽ, കരിമീൻ, പച്ചിലവെട്ടി, ഇറ്റാ പച്ചില, പുലൻ, കരുപ്പിടി (കറുകുപ്പ്) എന്നിവ കൂടാതെ ഗിഫ്റ്റ് തിലാപ്പിയ, കരിമീൻ, കുയിൽ എന്നീ മത്സ്യങ്ങളുടെ വിത്തുൽപാദനവും നേഴ്‌സറി പരിപാലനവും വിപണനവും ഇവിടെ നടക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കർഷകർക്കും ഫിഷറീസ് ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കുമുള്ള പരിശീലന കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 2016-17ൽ 8.64 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഹാച്ചറിയിൽ ഉൽപ്പാദിപ്പിച്ചതെങ്കിൽ 2020-21 ൽ മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനം 61 ലക്ഷമായി വർധിച്ചു. ഈ വർഷം 80 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുൽപാദനവും 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ നേഴ്‌സറി പരിപാലനവും നടത്തി.
ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഹാച്ചറികളിൽ മികച്ച പ്രവർത്തനവും ഉൽപ്പാദനവും വരുമാനവും ലഭിക്കുന്നത് പീച്ചി ഹാച്ചറിയിൽ നിന്നാണ്. കഴിഞ്ഞ വർഷം 63 ലക്ഷം രൂപ വിറ്റുവരവ് ലഭിച്ചതായി അധികൃതർ പറയുന്നു. മത്സ്യകൃഷിയിൽ നൂതനമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അതിസാന്ദ്രതാ മത്സ്യകൃഷി രീതിയാണ് പീച്ചി ഹാച്ചറിയിൽ അനുവർത്തിക്കുന്നത്. ആകെ 78 സെന്റ് വാട്ടർ ഏരിയയിലാണ് ഇത്രയും ഉൽപ്പാദനം കൈവരിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഹാച്ചറിയുടെ പ്രവർത്തനത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ട് കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

തൃശൂർ ഫിഷറീസ് വകുപ്പിന് കീഴിലാണ് നിലവിൽ ഹാച്ചറിയുടെ പ്രവർത്തനം നടക്കുന്നത്. തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് മാജാ ജോസിനാണ് ജില്ലാതല നിയന്ത്രണം. തിരുവനന്തപുരം അക്വാ കൾച്ചർ ഫിഷറീസ് ഡയറക്ടറേറ്റിലെ ഫിഷറീസ് ഹാച്ചറി കൺസ്ട്രക്ഷൻ സംസ്ഥാന തല ജോയിന്റ് ഡയറക്ടർ ഇഗ്നേഷ്യസ് മൺട്രോ, ഹാച്ചറി ഇൻ ചാർജ് ഓഫീസർ ജോമോൾ സി ബേബി എന്നിവരുടെ മേൽനോട്ടത്തിലാണ് ഹാച്ചറിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

80%
Awesome
  • Design

Comments are closed.