News in its shortest

എടികെ ബഗാനെ ഗോകുലം കേരള തുരത്തി

കൊല്‍ക്കത്ത: എ.എഫ്.സി കപ്പ് ചാംപ്യന്‍ഷിപ്പില്‍ ഐ.എസ്.എല്‍ ക്ലബായ എ.ടി.കെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി ഗോകുലം കേരള ചരിത്രമെഴുതി.

 എ.എഫ്.സി ഗ്രൂപ്പ് ഡി  യിൽ നടന്ന മത്സരത്തില്‍ 4-2 എന്ന സ്‌കോറിന് ഐ.എസ്.എല്‍ ക്ലബായ എ.ടി.കെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയാണ് ഗോകുലം കേരള ചരിത്രത്തിന്റെ ഭാഗമായത്.

ലൂക്ക മെയ്‌സന്‍, മലയാളി താരങ്ങളായ റിഷാദ്, ജിതിന്‍ എന്നിവരാണ് ഗോകുലത്തിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. ജയത്തോടെ ആദ്യമായി ഒരു കേരള ക്ലബ് എ.എഫ്.സി മത്സരം ജയിക്കുക എന്ന നേട്ടം സ്വന്തമാക്കാന്‍ മലബാറിയന്‍സിന് കഴിഞ്ഞു. 

അഞ്ചു മലയാളി താരങ്ങളുമായി ഇറങ്ങിയ ഗോകുലത്തിനു വേണ്ടി രണ്ടു മലയാളി താരങ്ങളും ഗോൾ നേടി. ഗോൾ രഹിത ആദ്യ പകുതിക്കു ശേഷം 50ാം മിനുട്ടില്‍ സ്ലോവേനിയന്‍ താരം ലൂക്ക മെജ്‌സനാണ് ആദ്യ ഗോള്‍ നേടിയത.് 
മൂന്ന് മിനുട്ടിന് ശേഷം 53ാം മിനുട്ടില്‍ പ്രീതം കോട്ടാലിന്റെ ഗോളില്‍ എ.ടി.കെ സമനില പിടിക്കുകയും ചെയ്തു. 

57ാം മിനുട്ടില്‍ റിഷാദിന്റെ ഉഗ്രൻ ഫിനിഷിലൂടെ ഗോകുലം വീണ്ടും മുന്നിലെത്തി. ഫ്‌ളെച്ചറിന്റെ മികച്ച ഒരു പാസിൽ മലപ്പുറം കാരൻ റിഷാദ് ലീഡ് നേടുകയായിരിന്നു.  സമനില ഗോളിനായി എ.ടി.കെ പൊരുതുന്നതിനിടെ ഗോകുലത്തിന്റെ മൂന്നാം ഗോളും പിറന്നു. ഫ്‌ളച്ചറിന്റെ പാസില്‍ നിന്ന് ലൂക്ക തന്നെയായിരുന്നു ഗോകുലത്തിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. 

സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ജയം കൊതിച്ച എ.ടി.കെ ഗോളിനായി കഠിന ശ്രമം നടത്തികൊണ്ടിരുന്നു. പക്ഷെ ഗോള്‍ ശ്രമങ്ങളെല്ലാം ഗോകുലം പ്രതിരോധം പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 80ാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ലിസ്റ്റന്‍ കൊളാസോയുടെ ഗോള്‍ വന്നു. ഇതോടെ സ്‌കോര്‍ 3-2 എന്ന നിലയിലായി.

സമനില ഗോളിനായി എ.ടി.കെ താരങ്ങള്‍ മുഴുവന്‍ ഗോകുലത്തിന്റെ ഗോള്‍ മുഖം അക്രമിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് വീണുകിട്ടിയ അവസരം ഗോകുലം മുതലെടുത്ത് സ്‌കോര്‍ 4-2 എന്നാക്കി മാറ്റി. 89ാം മിനുട്ടില്‍ ലൂക്കയുടെ പാസില്‍ നിന്ന് ജിതിനാണ് നാലാം ഗോള്‍ നേടിയത്. 

കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഗോകുലത്തിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ശക്തമായ നിരയുണ്ടായിരുന്നിട്ടും ഗോകുലം ശ്രദ്ധയോടെ നടത്തിയ നീക്കങ്ങളാണ് മലബാറിയന്‍സിന് ജയം നല്‍കിയത്. ഗ്രൂപ്പില്‍ ഗോകുലത്തിന് ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്.  21ന് മാള്‍ഡീവ്‌സ് ക്ലബായ മസിയക്കെതിരേയും 24ന് ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്‌സിനെതിരേയുമാണ് ഗോകുലത്തിന്റെ അടുത്ത രണ്ട് മത്സരങ്ങള്‍. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്ന് പോയിന്റുമായി ഗോകുലം കേരളയാണ് ഇപ്പോള്‍ ഒന്നാമത്.

എടികെ ബഗാനെ ഗോകുലം കേരള തുരത്തി
80%
Awesome
  • Design