News in its shortest

വാങ്കഡെയിലെ ഫൈനല്‍ ധോണിയുടേത്‌ മാത്രമല്ല, മഹേള ജയവര്‍ദ്ധനയുടേത് കൂടിയാണ്‌

മുഹമ്മദ് ദാവൂദ്‌

ഒരു മഹേള ആരാധകന്റെഫൈനൽ ആസ്വാദനക്കുറിപ്പ്!വാങ്കഡെയിലെ ഫൈനൽ വിജയത്തിന്റെ ‘പകർപ്പവകാശം’ ഗൗതം ഗംഭീറിനോ മഹേന്ദ്ര സിങ് ധോണിക്കോ എന്ന് പോരടിക്കുന്നവരെല്ലാം മഹേള ജയവർധനെയുടെ ആ ഇന്നിങ്സ് മറന്നു കാണും. ഒറ്റ കുറവു മാത്രമേ ആ ഇന്നിങ്സിനുണ്ടായിരുന്നുള്ളൂ– ലങ്കയുടെ നിർഭാഗ്യം കൊണ്ടും നമ്മുടെ ഭാഗ്യം കൊണ്ടും അതൊരു മാച്ച് വിന്നിങ് സെഞ്ചുറി ആയില്ല! പക്ഷേ ഇപ്പോഴും മഹേളയുടെ ആ സെഞ്ചുറി ഒരു മധുര നൊമ്പരമാണ്.

മനസ്സിൽ ‘ഇന്ത്യൻ ഫാൻ vs ക്രിക്കറ്റ് ഫാൻ’ മത്സരം നടക്കുമ്പോഴെല്ലാം കൊളുത്തി വലിക്കുന്ന ഒന്ന്!17–ാം ഓവറിൽ ലങ്ക രണ്ടിന് 60 എന്ന നിലയിൽ, മുംബൈയിലെ തിരക്കുള്ള ട്രാഫിക്കിലെ ബസ് പോലെ ഇഴയുമ്പോൾ മഹേള വരുന്നു. ആദ്യം ഔട്ടായിപ്പോയ ഉപുൽ തരംഗ 20 പന്തിൽ നേടിയത് രണ്ടു റൺസ്! വായുവിലെന്ന പോലെ ബാറ്റു വീശിയ ദിൽഷൻ പിന്നാലെ ഔട്ട്. മഹേള ക്രീസിലെത്തുമ്പോൾ കൂട്ട് സംഗക്കാര. ഗാലറിയിലെ നീലാകാശത്തിനിടയിൽ ഉജാലത്തുള്ളികൾ പോലെ കാണപ്പെട്ട ലങ്കൻ ആരാധകർക്ക് പ്രാർഥിക്കാൻ അതോടെ രണ്ടു ദൈവങ്ങളായി. നേരിട്ട ആദ്യ പന്ത് മഹേള റിസ്റ്റ് കൊണ്ട് മിഡോണിലേക്ക് വഴറ്റിയിട്ടു. രണ്ട് ഓവറുകൾക്കു ശേഷം മുന്നോട്ടാഞ്ഞ് പന്തിനെ പോയിന്റിലൂടെ ബൗണ്ടറിയിലേക്കു വരച്ചിട്ടു.

‘ഞാനുറപ്പിച്ചു. ഇന്ന് മഹേളയുടെ ദിവസമാണ്…’– സംഗക്കാര പിന്നീടൊരിക്കൽ പറഞ്ഞു.ലേറ്റ് കട്ടുകളുടെ ‘സ്റ്റഡി ക്ലാസ്’ പിന്നാലെ. ഓരോ പന്തും അവസാന നിമിഷത്തിൽ മഹേളയുടെ ബാറ്റിലൂടെ ‘പ്രൊസ്സസ്’ ചെയ്യപ്പെട്ട് തേഡ്മാനിലൂടെ പാഞ്ഞപ്പോൾ ഇന്ത്യൻ ആരാധകർ നെടുവീർപ്പിട്ടു. അടുത്ത പന്തിലെങ്കിലും..! But, Mahela was 100 pecent sure.. റൺ എ ബോൾ ഇന്നിങ്സിലൂടെ ലങ്കയുടെ സ്കോർഡ് ബോർഡിൽ ഗ്രീൻ സിഗ്‌നൽ തെളിഞ്ഞു. 48–ാം ഓവറിൽ സഹീർഖാന്റെ ഫുൾലെങ്ത് പന്ത് ക്രീസു വിട്ടിറങ്ങി മിഡോഫിലൂടെ ബൗണ്ടറി.

2007 ലോകകപ്പ് സെമിഫൈനലിനു പിന്നാലെ മറ്റൊരു ലോകകപ്പ് ഫൈനലിലും സെഞ്ചുറി. കളിയുടെ ജാതകം വെളിപ്പെടും മുൻപെ വന്ന ഇന്നിങ്സായതിനാൽ ഒരു ഇന്ത്യക്കാരന്റെ പക്ഷഭേദമില്ലാതെ രവി ശാസ്ത്രി പറഞ്ഞു: A high class innings from an high class player..മഹേള അതിനു മുൻപെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ട്. ‘Elegance Personified’ എന്നതിന് രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു ഉദാഹരണം മനസ്സിലേക്കു വരാറില്ല. ഭൂമിശാസ്ത്രപരമായി അയൽക്കാരായ ലങ്കക്കാരോടുള്ള അടുപ്പം അതിലുണ്ടാകാം.

ശരീരപ്രത്യേകതകൾ കൊണ്ട് റിലേറ്റ് ചെയ്യാനാകുന്ന ദ്രവീഡിയൻ ബോധം കാരണമായിരിക്കാം. പക്ഷേ ശാന്തതയും വിസ്ഫോനാത്മകതയും ഇത്രത്തോളം അടക്കം ചെയ്ത മറ്റൊരു ക്രിക്കറ്ററെ മുൻപോ ശേഷമോ കണ്ടിട്ടില്ല. He was literally a remote controlled bomb…1997ൽ മഹേള അരങ്ങേറിയ മത്സരത്തിലാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോർ പടുത്തുയർത്തിയത് (6–952). ലങ്ക ലോക റെക്കോർഡ് പിന്നിടുമ്പോൾ അതിനു സാക്ഷിയായി ഇരുപതുകാരനായ മഹേള ക്രീസിലുണ്ടായിരുന്നു. മഹേളയുടെ കരിയറിലേക്കുള്ള ‘കഴ്സർ’ കൂടിയായിരുന്നോ ആ മത്സരം? അതിനു ശേഷം മഹേള പിന്നിട്ടതെല്ലാം ‘വലിയ’ നേട്ടങ്ങളാണ്.

അറൂനൂറിലേറെ രാജ്യാന്തര മത്സരങ്ങൾ, ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തിലേറെ റൺസ്, ടെസ്റ്റ് ക്രിക്കറ്റിൽ ഒരു വലംകയ്യൻ ബാറ്റ്സ്മാന്റെ ഉയർന്ന സ്കോർ (374), ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും സെഞ്ചുറി നേടിയ അപൂർവം ബാറ്റ്സ്മാൻമാരിലൊരാൾ, ഏകദിനത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ..കൊളംബോയിലെ നളന്ദ സ്പോർട്സ് ക്ലബ്ബിൽ കളിച്ചു തുടങ്ങിയ കാലത്തേ തന്റെ മേൽ ചാർത്തപ്പെട്ട ‘ഹൈപ്പിനോട്’ മഹേള നീതി പുലർത്തി. zero percent wasted talent..!മഹേളയുടെ ക്യാപ്റ്റൻസിയിലാണ് താൻ ഏറ്റവും നന്നായി ആസ്വദിച്ചു കളിച്ചതെന്ന് മുത്തയ്യ മുരളീധരൻ പറഞ്ഞിട്ടുണ്ട്.

മുരളിയുടെ വാക്കുകൾക്ക് കണക്കുകളുടെ ‘സത്യവാങ്മൂലം’ കൂട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടങ്ങളിൽ കാണുന്ന ബോളർ–ഫീൽഡർ കോംബിനേഷൻ ‘സി മഹേള ബി മുരളീധരൻ’ എന്നതാണ്. മുരളി ബോൾ ചെയ്യുന്ന ഓരോ പന്തിൽ മഹേള വിക്കറ്റുറപ്പിച്ച് കണ്ണു കൂ‍ർപ്പിച്ചു നിന്നു. ഒരു ബോളർക്ക് അതിലും വലിയ ധൈര്യം എന്താണ്?ഈ ‘ഓവർ തിങ്കിങ്’ ഒരു വട്ടം മാത്രം മഹേളയ്ക്കു വിനയായി. 2012 ട്വന്റി20 ലോകകപ്പ് ഫൈനലിൽ വെസ്റ്റിൻഡീസിന്റെ 137 എന്ന ലോ സ്കോറിനെ പിന്തുടർന്ന ലങ്കയെ മഹേള മുന്നോട്ടു കൊണ്ടു പോകവെ ആകാശത്ത് മഴക്കോള്.

കാൽക്കുലേറ്ററില്ലാതെ ഡക്ക്‌വർത്ത്–ലൂയിസ് പാർ സ്കോർ നിർണയിക്കാനറിയുന്ന മഹേള കണക്കു കൂട്ടി– നിലവിലെ സ്കോറിങ്ങിൽ വിൻഡീസാണ് മുന്നിൽ! സ്കോറിങ് വേഗം കൂട്ടാൻ സുനിൽ നരെയ്നെതിരെ റിവേഴ്സ് പുൾ. പിഴച്ചു. പോയിന്റിൽ സമിക്കു ക്യാച്ച്. മൂന്നിന് 60 എന്ന നിലയിൽ നിന്ന് 101ന് ലങ്ക പുറത്ത്. തപ്തനായ മഹേള ക്യാപ്റ്റൻ സ്ഥാനം രാജി വച്ചു.ക്യാപ്റ്റൻസി, ജെന്റിൽമാൻഷിപ്പിന്റെ എക്സിബിഷൻ ആണെങ്കിലും ലങ്കൻ ആരാധകർ ‘പബ്ലിക് മെമ്മറി’യിൽ ചേർത്തു വയ്ക്കുന്ന മറ്റൊരു മഹേള ചിത്രം കൂടിയുണ്ട്.

2012ൽ അഡ്‌ലെയ്ഡിലെ ഒരു ഏകദിനത്തിനിടെ അംപയർ ബ്രൂസ് ഓക്സെൻഫോർഡിനു നേരെ വിരൽ ചൂണ്ടി നിൽക്കുന്ന ചിത്രം. ഒരു വെയ്സ്റ്റ് ഹൈ നോബോളിന് എതിരെയായിരുന്നു ആ പ്രതിഷേധം. മഹേളയുടെ 80 റൺസിന്റെ മികവിൽ ആ മത്സരം ലങ്ക ജയിച്ചെങ്കിലും ലങ്കൻ ആരാധകർ ആ മത്സരം ഓർമിക്കുന്നത് ആ വിരൽ ചൂണ്ടലിലൂടെയാണ്. ഒരു പതിറ്റാണ്ടു മുൻപൊരു മത്സരത്തിൽ മുത്തയ്യ മുരളീധരനെതിരെ തുടരെ നോബോൾ വിളിച്ച അംപയർ റോസ് എമേഴ്സനതിരെ ചൂണ്ടിയ അർജുന രണതുംഗെയുടെ പ്രതിഷേധത്തിന്റെ ഓർമപ്പെടുത്തലായി അവർക്കത്.

എന്തു കൊണ്ടാണ് ക്രിക്കറ്റ് സ്കിൽസ് ഇത്രത്തോളം Exploit ചെയ്യാനും ജീവിതം ഇത്രത്തോളം നന്നായി Manage ചെയ്യാനും താങ്കൾക്കു കഴിഞ്ഞത്? മഹേള അതിനു മറുപടി പറയുന്നുണ്ട്. ‘ക്രിക്കറ്റ് എനിക്ക് എല്ലാമാണ്. പക്ഷേ ജീവിതം അതിനു മുകളിലാണ്’. മഹേള അത് ചെറുപ്പത്തിലെ മനസ്സിലാക്കി. കൃത്യമായി പറഞ്ഞാൽ 16–ാം വയസ്സിൽ ഇളയ സഹോദരൻ ദിഷൽ ബ്രെയിൻ ട്യൂമർ പിടിപ്പെട്ട് മരണമടഞ്ഞപ്പോൾ. ഒരു ‘ചൈൽഡ് പ്രോഡിഗി’ ആയിരുന്നു ദിഷലും. മഹേള ക്യാപ്റ്റനായിരുന്ന നളന്ദ കോളജിന്റെ അണ്ടർ–15 ടീമിൽ അംഗം. ദിഷലിന്റെ മരണം മഹേളയെ പിടിച്ചുലച്ചു.

ഒടുവിൽ, സ്ഥിരമായി പോകാറുണ്ടായിരുന്ന ക്ഷേത്രത്തിലെ സന്യാസിയാണ് മഹേളയെ ക്രിക്കറ്റിലേക്കു തിരിച്ചു കൊണ്ടു വന്നത്. എങ്കിലും മഹേള ദിഷലിനെ കൊണ്ടു നടക്കുന്നു– ഓവർസീസ് പര്യടനങ്ങളിലെല്ലാം ഹോട്ടലിലെ ബെഡിനരികിൽ തന്നെയുള്ള ഒരു ഓർമചിത്രമായി! ‘ഇപ്പോഴും ഞാനോർക്കും. അവൻ ജീവിച്ചിരുന്നെങ്കിൽ ലങ്കൻ ടീമിൽ എന്റെ കൂടെ കളിക്കില്ലായിരുന്നോ എന്ന്…’കൊളംബോയിലെ മഹേളയുടെ വീട്ടിലേക്കു പോയതിനെക്കുറിച്ച് ഇഎസ്പിഎൻ ക്രിക്ഇൻഫോയിലെ എഴുത്തുകാരനായ ആൻഡ്രൂ ഫിഡെൽ ഫെർണാണ്ടോ പറയുന്നുണ്ട്.

ഭാര്യ ക്രിസ്റ്റീന വീട്ടുജോലികളുടെ തിരക്കിലായിരിക്കുമ്പോൾ മഹേള മകൾ സൻസയെ നോക്കുന്ന തിരക്കിലായിരിക്കും. ‘നിങ്ങൾക്ക് ബോറടിക്കും..’ മഹേള മുന്നറിയിപ്പു നൽകി. കുലീനമെങ്കിലും അത്യാഡംബരമില്ലാത്ത ഒരു ചുറ്റുപാടാണ് ഫെർണാണ്ടോയെ സ്വാഗതം ചെയ്തത്. മഹേളയുടെ കരിയറും അങ്ങനെയായിരുന്നില്ലേ..? He was meticulous, methodical and magnificent.

(ലേഖകന്‍ സ്‌പോര്‍ട്‌സ് പാരഡൈസോ ക്ലബ്ബില്‍ എഴുതിയത്‌)

Comments are closed.