News in its shortest

കൊറോണ: 16 ടീമുകള്‍ ; 24 മണിക്കൂറും കാവലായി കരുതലായി ആരോഗ്യ വിഭാഗം

കൊറോണ വൈറസ് ജില്ലയില്‍ സ്ഥിരീകരിക്കുമ്പോള്‍ അടച്ചിട്ട മുറിയില്‍ ഒതുങ്ങിയിരിക്കുവാന്‍ കഴിയാത്ത ഒരു സമൂഹമുണ്ടായിരുന്നു. ജനങ്ങളുടെ ജീവന് എന്നും സുരക്ഷനല്‍കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവിഭാഗം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ദ്രുതഗതിയിലാണു മെഡിക്കല്‍ ടീം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച മാര്‍ച്ച് ഏഴ് രാത്രി മുതല്‍ തുടരുകയാണ് രാപകല്‍ വ്യത്യാസമില്ലാതെ തുടരുകയാണ് ഇവരുടെ പ്രവര്‍ത്തനം.

ജില്ലാ കളക്ടര്‍ , സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡി.എസ്.ഒ: ഡോ.സി.എസ് നന്ദിനി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, വേള്‍ഡ് ഹെല്‍ത്ത് ഓഗനൈസേഷന്‍ പ്രതിനിധി ഡോ.രാകേഷ് എന്നിവരുടെ നേതൃത്വത്തില്‍ പതിനാറ് ടീമുകളാണ് ഈ മഹാമാരിയെ നിയന്ത്രണത്തിലാക്കുവാന്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വൈലന്‍സ് ടീം, കോള്‍ സെന്റര്‍ മാനേജ്‌മെന്റ് ടീം, എച്ച്.ആര്‍ മാനേജ്‌മെന്റ് ടീം, ട്രെയ്‌നിംഗ് ആന്‍ഡ് അവയര്‍നസ് ജനറേഷന്‍ ടീം, മെറ്റീരിയല്‍ മാനേജ്‌മെന്റ് ടീം, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ് ടീം, മീഡിയ സര്‍വൈലന്‍സ് ടീം, മീഡിയ മാനേജ്‌മെന്റ് ടീം, ഡോക്യുമെന്റഷന്‍ ടീം, പ്രൈവറ്റ് ഹോസ്പിറ്റല്‍ സര്‍വൈലന്‍സ് ടീം, എക്‌സ്‌പേര്‍ട്ട് സ്റ്റഡി കോ ഓര്‍ഡിനേഷന്‍ ടീം, ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സ്വാബ് മാനേജ്‌മെന്റ് ടീം, ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആന്‍ഡ് കോ ഓര്‍ഡിനേഷന്‍ ടീം, കമ്യൂണിറ്റി ലെവല്‍ വാളണ്ടിയര്‍ കോ ഓര്‍ഡിനേഷന്‍ ടീം, സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം, സാമ്പിള്‍ കളക്ഷന്‍ സര്‍വൈലന്‍സ് ടീം എന്നിങ്ങനെ പതിനാറ് ടീമുകളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഓരോ ടീമിനും ഓരോ ടീം ലീഡറുമാണ് പ്രവര്‍ത്തിക്കുന്നത്.

രണ്ടു കോള്‍ സെന്ററുകളാണു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. രോഗവിവരം അറിയിക്കുവാനും ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരികരിക്കുവാനും ഡോ.നിരണ്‍ ബാബുവിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും കോള്‍ സെന്റര്‍ സജ്ജം.

ഡോ.രശ്മിയുടെയും ഡോ.ഹരികൃഷ്ണന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വൈലന്‍സ് ടീം ഹോം ഐസലേഷനില്‍ കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നു. പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നു. ഡോ.പ്രതിഭയുടെ നേതൃത്വത്തിലുള്ള ടീമിലെ കൗണ്‍സിലര്‍മാര്‍ ഇവര്‍ക്ക് ഫോണിലൂടെ മാനസികപിന്തുണയും നല്‍കുന്നുണ്ട്. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്കു മാറ്റും. കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണ്.

കൂടാതെ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതിയും ചോദിച്ചറിയും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്കു മാറ്റുന്നതിനു മെഡിക്കല്‍ സംഘത്തിന് വിവരം കൈമാറും. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ദിവസവും അതത് ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറും. ആവശ്യക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ കൃത്യമായി എത്തുന്നുണ്ടെന്നു ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി ലെവല്‍ വോളണ്ടിയര്‍ കോ ഓര്‍ഡിനേഷന്‍ ടീം ഉറപ്പുവരുത്തും.

ആശുപത്രികളില്‍ ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉണ്ടെന്ന് ദിവസേന ഉറപ്പുവരുത്തുകയും ആവശ്യമെങ്കില്‍ അധികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണു സ്‌റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ ഗോപാലന്റെ നേതൃത്വത്തിലുളള മെറ്റീരിയല്‍ മാനേജ്‌മെന്റ് ടീം. സര്‍വൈലന്‍സ് ടീമിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗബാധിതര്‍ക്കും ഐസലേഷനു വിധേയമാകുന്നവര്‍ക്കും എവിടെ ചികിത്സ നല്‍കണം, തുടങ്ങിയവ തീരുമാനിക്കുക ഡോ.നന്ദിനിയുടെ കീഴിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമാണ്. ഡോ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രൈവറ്റ് ഹോസ്പിറ്റല്‍ സര്‍വൈലന്‍സ് ടീം സ്വകാര്യ ആശുപത്രികളിലെ ഐസലേഷന്‍, വെന്റിലേറ്റര്‍, അഡ്മിഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

ഡോ.രാകേഷിന്റെ നേതൃത്വത്തിലുള്ള എക്‌സ്‌പേര്‍ട്ട് സ്റ്റഡി കോ ഓര്‍ഡിനേഷന്‍ ടീം കോവിഡ് 19 ബാധയെക്കുറിച്ചുള്ള കേസ് സ്റ്റഡിയും യും, ഡാറ്റാ അനാലിസിസും, ട്രന്റ് അനാലിസിസും നടത്തും.
വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവരെ അടിയന്തരമെങ്കില്‍ ആശുപത്രിയില്‍ എത്തിക്കേണ്ട ചുമതല ഡോ.നിധീഷ് ഐസക്കിന്റെ ട്രാന്‍സ്‌പോട്ടേഷന്‍ ആന്‍ഡ് സ്വാബ് മാനേജ്‌മെന്റിനാണ്. എത്ര സാമ്പിളുകള്‍, എവിടെനിന്ന് ശേഖരിക്കുന്നു തുടങ്ങിയ സാമ്പിള്‍ കളക്ഷന്‍ സര്‍വൈലന്‍സിന്റെ ചുമതലയും ഡോ.നിധീഷിനാണ്.

വിഷ്വല്‍ മീഡിയ, പ്രിന്റ് മീഡിയ, സോഷ്യല്‍ മീഡിയ എന്നിവയില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ കണ്ടുപിടിക്കുക, സത്യസന്ധമായ വാര്‍ത്തകള്‍ മെഡിക്കല്‍ ടീമിന് കൈമാറുക, കൂടുതല്‍ കേസുകള്‍ വരുന്നുണ്ടോ എന്ന് കണ്ടു പിടിക്കുക എന്നിവയാണ് ഡോ.അംജിത്തിന്റെ കീഴിലുള്ള മീഡിയ സര്‍വൈലന്‍സിന്റെ ചുമതല. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ മീഡിയ സര്‍വൈലന്‍സ് ടീം പ്രവര്‍ത്തിക്കുന്നത്. വൈറസ്ബാധയെ സംബന്ധിച്ചുള്ള ജില്ലാ ആരോഗ്യവിഭാഗത്തിന്റെ ഔദ്യോഗിക വാര്‍ത്താ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌വഴി പുറത്തുവിടാനും അവ ഡോക്യുമെന്റ് ചെയ്യാനും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ സുനില്‍ കുമാറിന്റെയും അശോക് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘവും സര്‍വ്വസജ്ജമാണ്.

രാപ്പകലില്ലാതെ കര്‍മ്മതിരതരായി നില്‍ക്കുന്ന ആരോഗ്യ വകുപ്പിന്റെ നട്ടെല്ലായ എല്ലാ പ്രവര്‍ത്തകര്‍ക്കും മുന്‍ കരുതലുകളും ആത്മവിശ്വാസവും ഊര്‍ജവും നല്‍കുവാന്‍ ഡെപ്യൂട്ടി ഡിഎംഒ: ഡോ.സി.എസ് നന്ദിനിയുടെ കീഴില്‍ ട്രെയ്‌നിംഗ് ആന്‍ഡ് അവൈര്‍നസ് ടീമും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള ഡോക്ടര്‍മാരും പി.ജി വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്. ഇവരെ സഹായിക്കാന്‍ ജില്ലാഭരണകൂടത്തിനു കീഴിലെ എല്ലാവിഭാഗം ജീവനക്കാരും സജീവമായുണ്ട്.

Comments are closed.